കളമശേരി ലഹരി വേട്ട: ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ചത് പൂർവ വിദ്യാർഥികൾ; രണ്ട് പേർ പിടിയിൽ


കൊച്ചി: കളമശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് ശേഖരം പിടികൂടിയ സംഭവത്തിൽ രണ്ട് പൂർവ വിദ്യാർഥികൾ കസ്റ്റഡിയിൽ. ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച ആഷിഖ്, ഷാരിൽ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ വർഷം ക്യാമ്പസിൽ നിന്ന് പഠിച്ചിറ ങ്ങിയവരാണിവർ. ആഷിഖ് ആണ് കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. പോളിടെക്നിക്കിൽ നിന്ന് സെമസ്റ്റർ ഔട്ട് ആയ വിദ്യാർഥിയാണ് ആഷിഖ്.

സംഭവത്തിൽ ഇരുവരെയും പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. മുൻപ് പിടിയിലായ വിദ്യാർഥികളുടെ മൊഴിയിൽ നിന്നാണ് പൂർവ വിദ്യാർഥികൾക്കെതിരായ തെളിവുകൾ ലഭിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറു മണിക്ക് ശേഷമാണ് ആഷിഖ് കഞ്ചാവ് എത്തിച്ചതെന്നാണ് കരുതുന്നത്. ആഷിഖിന് എവിടെ നിന്നാണ് ലഹരി ലഭിച്ചതെന്ന് പൊലീസ് അന്വേഷിക്കും. സെമസ്റ്റര്‍ ഔട്ടായ ശേഷവും ഇയാള്‍ നിരന്തരം ഹോസ്റ്റലില്‍ എത്തിയിരുന്നുവെന്നാണ് വിവരം.

ഇയാള്‍ ലഹരി വിതരണക്കാരനാണോ, സ്ഥിരമായി ഹോസ്റ്റലില്‍ കഞ്ചാവ് എത്തിക്കുന്ന ആളാണോ, എവിടെ നിന്ന് കഞ്ചാവ് ലഭിച്ചു എന്നീ കാര്യങ്ങളിലാണ് പൊലീസ് അന്വേഷണം നടത്തുക. അതേസമയം ഹോസ്റ്റലിലെ വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്. ഏതെല്ലാം അക്കൗണ്ടുകളിലേക്ക് പണം വന്നെന്നും പോയെന്നുമുള്ള അന്വേഷമാണ് നടത്തുക. ഇതിലൂടെ ലഹരി വില്‍പ്പന നടത്തുന്നവരിലേക്ക് എത്താന്‍ സാധിക്കുമെന്നാണ് പൊലീസ് കരുതുന്നത്.

ഹോളി ആഘോഷത്തോട് അനുബന്ധിച്ച് 500 രൂപ മുതലാണ് ലഹരിവില്‍പ്പന നടത്തിയതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ബാങ്ക് അക്കൗണ്ടുകളില്‍ പരിശോധന നടത്തുന്നത്. ഇതിന് പുറമേ ഫോണ്‍ രേഖകളും പരിശോധിക്കും. കേസില്‍ സംശയമുള്ള ആളുകളെ വിശദമായി പരിശോധിക്കും.

അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ച വിദ്യാര്‍ഥികളെ ആവശ്യമെങ്കില്‍ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്‌തേക്കും. കളമശേരി പോളിടെക്‌നിക് കോളജിലെ പെരിയാർ മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ രണ്ടു കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കൊല്ലം കുളത്തൂപ്പുഴ ആകാശ് (21), ആലപ്പുഴ കാര്‍ത്തികപ്പിള്ളി സ്വദേശി ആദിത്യന്‍ (20), കൊല്ലം കരുനാഗപ്പള്ളി സ്വദേശി ആര്‍ അഭിരാജ് (21) എന്നിവരാണ് അറസ്റ്റിലായത്.


Read Previous

സാധനം സേഫ് അല്ലേ’! ഹോളി കളറാക്കാൻ ‘കഞ്ചാവ് പിരിവ്’; വാട്സ്ആപ്പ് ​ഗ്രൂപ്പിലേക്ക് നുഴഞ്ഞുകയറി സ്പെഷൽ ബ്രാഞ്ച്

Read Next

ആരുടെയും മതം നോക്കരുത്, എല്ലാവരെയും ബഹുമാനിക്കണം’; ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനത്തില്‍ ശക്തമായ നിലപാടുമായി ഇന്ത്യ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »