വയനാട്: കേരളത്തിന്‍റെ സംസ്ഥാന മൃഗ പദവിയുള്ള ആനയും സംസ്ഥാന വൃക്ഷ പദവിയുള്ള കല്പവൃക്ഷം എന്ന് വിളിപ്പേരുള്ള തെങ്ങും തമ്മിലെന്ത് എന്ന് ചോദിച്ചാല്‍ വയനാട്, പള്ളിവയല്‍ ഗ്രാമക്കാരുടെ അപ്പുക്കുട്ടന്‍ മാഷിന് പറയാന്‍ ചിലതുണ്ട്. കഴിഞ്ഞ അഞ്ചാറ് വര്‍ഷത്തിനുള്ളില്‍ അപ്പുക്കുട്ടന്‍ മാഷിന്‍റെ പറമ്പില്‍ നിന്ന് നിലം പൊത്തിയത് ഒന്നോ രണ്ടോ മൂന്നോ തെങ്ങുകളല്ല. നാല്പതോളം തെങ്ങുകള്‍. എല്ലാം കുത്തി മറിച്ചത് അതുവഴി ഓരോ തവണയും കടന്ന് പോയ കാട്ടാനകള്‍.

കര്‍ഷകന്‍ കൂടിയായ അപ്പുക്കുട്ടന്‍ മാഷിന് സഹിക്കാന്‍ കഴിയുന്നതിനും അപ്പുറമായി രുന്നു കാര്യങ്ങള്‍. ഒടുവില്‍ അദ്ദേഹം തന്‍റെ തെങ്ങുകള്‍ സംരക്ഷിക്കാന്‍ ഒപ്പം വികൃതികളായ ആനകളെ മര്യാദ പഠിപ്പിക്കാനായി മുള്ള് കൈയിലെടുത്തു.
വയനാട് ജില്ലയിലെ വടക്കനാട് പ്രദേശത്തെ വനയോര ഗ്രാമമാണ് പള്ളിവയല്‍. എല്ലാ വനയോര ഗ്രാമങ്ങളെയും പോലെ കൃഷി തന്നെയാണ് പള്ളിവയല്‍ ഗ്രാമത്തിന്‍റെയും പ്രധാന വരുമാന മാര്‍ഗം. കൃഷി എന്നാല്‍ തെങ്ങ്, വാഴ, കാപ്പി, കവുങ്ങ്, നെല്ല്…. കൃഷി ഇനങ്ങളില്‍ പലതും മനുഷ്യനെ പോലെ മൃഗങ്ങള്‍ക്കും ഏറെ ഇഷ്ടമുള്ളവ. സ്വാഭാവിക മായും വേനല്‍ക്കാലം തുടങ്ങുമ്പോള്‍ ഭക്ഷണം തേടി ആനകള്‍ അടക്കമുള്ള മൃഗങ്ങള്‍ കാടിറങ്ങും. അത്തരമുള്ള ഓരോ കാടിറക്കവും അവസാനിക്കുന്നത് പള്ളിവയല്‍ ഗ്രാമത്തിലെ കൃഷി ഭൂമികളില്‍ വലിയതോതിലുള്ള നാശം വിതച്ച ശേഷം മാത്രമായിരിക്കും.