പത്തനംതിട്ട: കലഞ്ഞൂര്‍ പാടത്ത് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. കലഞ്ഞൂര്‍ സ്വദേശി ബൈജുവാണ് അറസ്റ്റിലായത്. കോന്നി സ്വദേശി വൈഷ്‌ണ വിയും (28) സുഹൃത്ത് വിഷ്‌ണുമാണ് (30) കൊല്ലപ്പെട്ടത്. ഭാര്യയുടെ വാട്‌സ് ആപ്പില്‍ കണ്ട മെസേജിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വൈഷ്‌ണവിയുടെ വാട്‌സ് ആപ്പിലേക്ക് വിഷ്‌ണു അയച്ച മെസേജ് ശ്രദ്ധയില്‍പ്പെട്ട ബൈജു അത് ചോദ്യം ചെയ്യുകയായിരുന്നു. വാട്‌സ് ആപ്പില്‍ അയച്ച ചുംബന ഇമോജി യാണ് ബൈജുവിനെ പ്രകോപിച്ചത്. ഇതോടെ വീട്ടില്‍ നിന്നും ഇറങ്ങിയോടിയ വൈഷ്‌ണവി അയല്‍ വാസി കൂടിയായ വിഷ്‌ണുവിന്‍റെ വീട്ടില്‍ അഭയം തേടി.
വീട്ടില്‍ നിന്നിറങ്ങി ഓടിയ വൈഷ്‌ണവിയെ പിന്തുടര്‍ന്ന് വാക്കത്തിയുമായി ഭര്‍ത്താവ് ബൈജു, വിഷ്‌ണുവിന്‍റെ വീട്ടിലെത്തി. വിഷ്‌ണുവിന്‍റെ വീട്ടിലെത്തിയ ബൈജു ഭാര്യയോട് പുറത്തിറങ്ങി വരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സംഭവത്തില്‍ ഭയപ്പെട്ട വൈഷ്‌ണവി പുറത്തേക്കിറങ്ങിയില്ല.
ഇതില്‍ പ്രകോപിതനായ ബൈജു ഭാര്യയെ മുറ്റത്തേക്ക് വലിച്ചിട്ട് വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നു. ഇതോടെ മുറ്റത്തേക്കിറങ്ങിയ വിഷ്‌ണു ബൈജുവിനെ തടയാന്‍ ശ്രമിച്ചു. ഇതോടെ വിഷ്‌ണുവിനെയും വെട്ടുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ഇരുവരെയും നാട്ടുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ വഴിമധ്യേ ഇരുവരും മരിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ കുളിച്ച് വസ്‌ത്രം മാറിയ ബൈജു സുഹൃത്തിനെ ഫോണില്‍ വിളിച്ച് കൊല പാതക വിവരം അറിയിച്ചു. വിവരം അറിഞ്ഞെത്തിയ കൂടല്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്‌തു. പത്ത് വര്‍ഷം മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ചവരാണ് വൈഷ്‌ണവിയും ബൈജുവും. ഇവര്‍ക്ക് പത്തും അഞ്ചും വയസുള്ള രണ്ട് ആണ്‍മക്കളുണ്ട്. അയല്‍വാസിയായ വിഷ്‌ണു മാതാവിനൊപ്പമാണ് താമസിച്ചിരുന്നത്. ഇയാള്‍ അവിവാഹിതനാണ്. വിഷ്‌ണുവും ബൈജുവും ദിവസവും ഒരുമിച്ചാണ് ജോലി പോകാറുള്ളത്.