
കൊച്ചി: കൊച്ചിയില്‍ ഇന്നലെ രാത്രി പൊലീസ് നടത്തിയ പരിശോധനയില്‍ ലഹരി മരുന്നുമായി 30 പേര്‍ പിടിയിലായി. 25 ഗ്രാം എംഡിഎംഎ പിടികൂടി. ഡാന്‍സാഫ്, സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് എന്നിവയാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. പരിശോധന പുലര്‍ച്ചെ നാലു വരെ നീണ്ടു നിന്നു. വന്‍തോതില്‍ ലഹരിമരുന്നുമായി എത്തിയ രണ്ടുപേരെ പൊലീസ് പിടികൂടി. വയനാട് സ്വദേശി മുഹമ്മദ് സനൂബ് എറണാകുളം നോര്‍ത്തില്‍ പിടിയിലായി. 12 ഗ്രാം എംഡിഎംഎയാണ് പൊലീസിലെ ഡാന്‍സാഫ് സംഘം പിടിച്ചെടുത്തത്.
തോപ്പുംപടിയില്‍ അരുണ്‍കുമാര്‍ എന്നയാളാണ് സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിന്റെ പിടിയിലായത്. 13 ഗ്രാം എംഡിഎംഎയാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. വാരാന്ത്യ ആഘോഷത്തിനായി കൊച്ചിയി ലേക്ക് വന്‍തോതില്‍ മയക്കുമരുന്ന് എത്തുന്നുവെന്ന രഹസ്യ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കൊച്ചിയില്‍ വ്യാപക പരിശോധന നടത്തിയത്.