ബിജെപിയുടെ കാവി കോട്ടകൾ തകർത്ത് രാഹുലിന്റെ തേരോട്ടം, പാലക്കാട് നഗരസഭയിൽ കൃഷ്ണകുമാർ പിന്നിൽ


പാലക്കാട്: 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇ. ശ്രീധരന് ലഭിച്ച ആറായിരം വോട്ടുകളുടെ ലീഡിന്റെ അടുത്തെത്താന്‍ പോലും കഴിഞ്ഞില്ലെന്ന് മാത്രമല്ല നഗരസഭയില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയാണ് സി. കൃഷ്ണകുമാര്‍. നഗരസഭയിലെ ബിജെപി ശക്തികേന്ദ്രങ്ങളിലെ വോട്ട് എണ്ണിത്തീരുമ്പോള്‍ വെറും 400 വോട്ടുകളുടെ മാത്രം മേല്‍ക്കൈയാണ് സികെയ്ക്ക് ഉള്ളത്. മുഴുവന്‍ വോട്ടുകള്‍ നഗരത്തില്‍ എണ്ണിത്തീര്‍ന്നപ്പോള്‍ രാഹുലാണ് ഒന്നാമത് എത്തിയത്. തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ പോലും മുന്നേറ്റമുണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ല.

നഗര വോട്ടര്‍മാരുടെ പള്‍സ് അറിയുന്ന പാലക്കാട് നഗരസഭയില്‍ ബിജെപി ഭരണം പിടിച്ചെടുക്കുന്നതിന് ചുക്കാന്‍പിടിച്ച സി കൃഷ്ണകുമാറിന് പക്ഷേ മാസങ്ങള്‍ക്ക് മുമ്പ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നഗരത്തില്‍ നിന്ന് ലഭിച്ച വോട്ടുകള്‍ പോലും ലീഡ് നിലയില്‍ ലഭിച്ചില്ല. രാഷ്ട്രീയത്തിന് ഉപരിയായി ഇ. ശ്രീധരന് ലഭിച്ച വോട്ടുകള്‍ രാഹുല്‍ മാങ്കൂട്ടത്തിലും പി സരിനും ചേര്‍ന്ന് പങ്കിട്ടെടുക്കുന്ന കാഴ്ചയാണ് വോട്ടെണ്ണലില്‍ ദൃശ്യമായത്. ഇതില്‍ ഭൂരിഭാഗം വോട്ടുകളും രാഹുല്‍ പിടിച്ചെടുക്കുകയായിരുന്നു.

നഗരസഭയിലെ വോട്ടെണ്ണല്‍ പുരോഗമിച്ചപ്പോള്‍ ഒരു ഘട്ടത്തില്‍ പോലും സി കൃഷ്ണകുമാറിന് ലീഡ് 1500ന് മുകളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞില്ല. പോസ്റ്റല്‍ വോട്ടുകളും ഇവിഎമ്മിലെ ആദ്യ രണ്ട് റൗണ്ടുകളും പിന്നിട്ടപ്പോള്‍ നേടിയ 1418 ആണ് സികെയ്ക്ക് ലഭിച്ച ഏറ്റവും വലിയ ലീഡ്. ബിജെപിയെ സംബന്ധിച്ചിടത്തോളം ഇനിയൊരു തിരിച്ചുവരവില്ല. പിരിയാരിയിലും കണ്ണാടിയിലും മാത്തൂരിലും മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ്. പഞ്ചായത്തുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ തന്നെ ലീഡ് നില പതിനായിരം പിന്നിട്ട് രാഹുല്‍ കുതിക്കുകയാണ്.

ഷാഫി പറമ്പിലും ഇ ശ്രീധരനും ഏറ്റുമുട്ടിയപ്പോള്‍ 6238 വോട്ടുകളുടെ ലീഡ് അന്ന് ബിജെപിക്ക് പാലക്കാട് നഗരം സമ്മാനിച്ചു. 52വാര്‍ഡുകളില്‍ 28 എണ്ണം ബിജെപി കൗണ്‍സിലര്‍മാരുള്ളതാണ്. യുഡിഎഫിന് 18ഉം എല്‍ഡിഎഫിന് ആറും കൗണ്‍സിലര്‍മാരാണുള്ളത്. 2021ല്‍ 6000ല്‍ അധികം വോട്ടിന്റെ ലീഡ് കിട്ടിയ ബിജെപിക്ക് മാസങ്ങള്‍ മുമ്പ് കൃഷ്ണകുമാര്‍ ലോക്സഭയിലേക്ക് മത്സരിച്ചപ്പോള്‍ നഗരസഭയില്‍ നിന്ന് ലഭിച്ചത് വെറും 497 വോട്ടുകളുടെ ലീഡ് മാത്രമാണ്.

ഇ. ശ്രീധരന് 34,143 വോട്ടുകള്‍ കിട്ടിയ നഗര മേഖലയില്‍ കൃഷ്ണകുമാറിന് 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ കിട്ടിയത് 29,355 വോട്ടുകള്‍ മാത്രമാണ്.നഗര മേഖലയില്‍ 7000- 8000 വോട്ടുകളുടെ ലീഡ് ലഭിച്ചാല്‍ മാത്രമേ മണ്ഡലത്തില്‍ ബിജെപിക്ക് വിജയിക്കാന്‍ കഴിയുകയുള്ളായിരുന്നു. അതോടൊപ്പം തന്നെ നഗര മേഖലയില്‍ മറ്റ് മുന്നണികളേക്കാള്‍ പതിനായിരത്തില്‍ അധികം വോട്ടുകള്‍ക്ക് പിന്നില്‍ നില്‍ക്കുന്ന സിപിഎമ്മിന് ഗ്രാമീണ മേഖലയിലെ വോട്ടുകളില്‍ നിന്ന് ഇതിനെ മറികടക്കാനുള്ള സാദ്ധ്യതയും കുറവാണ്. അതുകൊണ്ട് തന്നെ മണ്ഡലത്തില്‍ രാഹുല്‍ വിജയിച്ച് കയറുമെന്ന് ഉറപ്പിച്ചിരിക്കുകയാണ്.


Read Previous

തുടക്കം മുതലേ മുന്നേറി പ്രിയങ്ക; ലീഡ് ഒരു ലക്ഷവും കടന്ന് കുതിക്കുന്നു

Read Next

അനിയാ, ആ സ്‌റ്റെതസ്‌കോപ്പ് കളയണ്ട; ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം’ സരിനെ ട്രോളി കോണ്‍ഗ്രസ് നേതാവ് ഡോ. എസ്എസ് ലാല്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »