മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ കെഎസ്ആർടിയി ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരിക്ക് ദാരുണാന്ത്യം. മണ്ണാർക്കാട് അരിയൂർ ചെറുവള്ളൂർ വാരിയം ഹരിദാസ് വാരിയരുടെ മകൾ ശ്രീനന്ദയാണ് (21) മരിച്ചത്. മണ്ണാർക്കാട് കോളേജിലെ ബിസിഎ അവസാന വർഷ വിദ്യാർത്ഥിനിയാണ്. പ്രൊജക്ട് ആവശ്യത്തിന് കോഴിക്കോട് പോയിട്ട് തിരിച്ച് വരുന്നതിനിടെയാണ് അപകടം ഉണ്ടായത്.

അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നിലഗുരുതരമാണ്. ഇന്ന് വെെകിട്ട് അഞ്ചരയോടെ പെരിന്തൽ മണ്ണ തിരൂർക്കാട് വച്ചാണ് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. കോഴിക്കോട് നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും എതിരെ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ ബസിന്റെ ഒരു വശം പൂർണമായും തകർന്നു. ലോറി റോഡിലേക്ക് മറിയുകയും ചെയ്തു. ബസിന്റെ ഒരുവശത്തായി ഇരുന്ന പത്തോളം പേർക്കാണ് പരിക്കേറ്റത്. നാട്ടുകാരാണ് രക്ഷാപ്രവർത്തനം ആദ്യം നടത്തിയത്. പരിക്കേറ്റവർ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിന്റെ കാരണം വ്യക്തമല്ല.