കുവൈറ്റ് ബാങ്ക് തട്ടിപ്പ്; കേസെടുത്ത് കേരള പൊലീസ്, കേരളത്തിൽ നിന്നുള്ള 1400 പേർ വായ്‌പ തട്ടിപ്പ് നടത്തി, തട്ടിപ്പുകാരിലേറെയും കുവൈറ്റിലെ വിവിധ സർക്കാർ ആശുപത്രികളിൽ ജോലി ചെയ്‌തിരുന്ന നഴ്‌സുമാർ.


തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ളവര്‍ വായ്‌പയെടുത്ത് മുങ്ങിയെന്ന കുവൈറ്റ് ബാങ്കിന്‍റെ പരാതിയില്‍ കേസെടുത്ത് കേരള പൊലീസ്. കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി പത്ത് കേസുകളാണ് രജിസ്റ്റര്‍ ചെയ്‌തത്. കേരളത്തില്‍ നിന്നുള്ള 1400 പേര്‍ വായ്‌പ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.

700 കോടി രൂപയുടെ തട്ടിപ്പാണ് കേരളത്തില്‍ നിന്നുള്ള നഴ്‌സുമാര്‍ അടക്കമുള്ളവര്‍ നടത്തിയിരി ക്കുന്നത്. പിന്നീട് വായ്പ തിരിച്ചടയ്ക്കാതെ ഇവര്‍ നാട്ടിലേക്കോ മറ്റ് വിദേശ രാജ്യങ്ങളിലേക്കോ പോയി. കുവൈറ്റ് ഷെയര്‍ ഹോള്‍ഡിങ് കമ്പനി പബ്ലിക്കിന്‍റെ പരാതിയിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.

ഇതില്‍ എട്ട് കേസുകള്‍ എറണാകുളം റൂറലിലാണ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. ഒന്ന് എറണാകുളം സിറ്റിയിലും. ഒരു കേസ് കോട്ടയത്തും രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. ബാങ്കിന്‍റെ ഡെപ്യൂട്ടി ജനറല്‍ മാനേജരായ മുഹമ്മദ് അബ്‌ദുള്‍ വാസി കമ്രന്‍ എന്നയാളാണ് പരാതിക്കാരന്‍.

വിവിധ പൊലീസ് സ്റ്റേഷനുകളില്‍ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്. ഇന്ത്യന്‍ പീനല്‍കോഡ് 406, 420, 120ബി, 34 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അഭിഭാഷ കനായ തോമസ് ജെ അനക് കല്ലുങ്കല്‍ ആണ് ബാങ്കിന് സംസ്ഥാനത്ത് നിയമസേവനങ്ങള്‍ നല്‍കുന്നത്. കൂട്ടച്ചതിയെന്നാണ് ബാങ്ക് ഈ വായ്‌പ തട്ടിപ്പിനെ വിശേഷിപ്പിച്ചിരിക്കുന്നത്. 75 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയാണ് വായ്‌പയായി ഓരോരുത്തരും എടുത്തിട്ടുള്ളത്.

മിക്കവരും കോവിഡ് കാലത്താണ് വായ്‌പ എടുത്ത് മുങ്ങിയത്. ഇവരിലേറെയും നഴ്‌സുമാരാണ്. കുവൈറ്റിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ സേവനമനുഷ്‌ഠിച്ചിരുന്നവരാണ് ഇവര്‍. വേതന സര്‍ട്ടിഫിക്കറ്റുകള്‍ കാട്ടിയാണ് ഇവര്‍ വായ്‌പ തരപ്പെടുത്തിയത്. ആദ്യം ചെറിയ വായ്‌പകള്‍ എടുത്ത് കൃത്യമായി തിരിച്ചടച്ചു വിശ്വാസമാര്‍ജ്ജിച്ച ശേഷമാണ് വന്‍തുകകള്‍ വായ്‌പ എടുത്തത്. ഇതിലും രണ്ട് മൂന്ന് അടവുകള്‍ കൃത്യമായി തിരിച്ചടച്ചു. പിന്നീട് നാട്ടിലേക്ക് പോയ ഇവര്‍ തിരികെ എത്തിയില്ല. ഇത് മുന്‍കൂട്ടി തീരുമാനിച്ച് തന്നെ ചെയ്‌തതാണെന്നും അനക് കല്ലുങ്കല്‍ ചൂണ്ടിക്കാട്ടുന്നു. 1400 പേര്‍ ഈ ഒരൊറ്റ ബാങ്കില്‍ നിന്നാണ് വായ്‌പ തട്ടിപ്പ് നടത്തിയത്.

സംഭവം കുവൈറ്റ് അധികൃതര്‍ ഇന്ത്യന്‍ ആഭ്യന്തരമന്ത്രാലയത്തെ ധരിപ്പിച്ചു. അവര്‍ വളരെ ഗൗരവ മായാണ് സംഭവം എടുത്തിട്ടുള്ളത്. ഇവരുടെ പാസ്‌പോര്‍ട്ട് വിവരങ്ങളും മേല്‍വിലാസവും ബാങ്കിന്‍റെ പക്കലുണ്ട്. അത് കൊണ്ട് തന്നെ ഇവരെ കണ്ടെത്താന്‍ ബുദ്ധിമുട്ടില്ല.കുവൈറ്റിലെ ബാങ്ക് മാത്രമല്ല ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ടിട്ടുള്ളത്. പശ്ചിമേഷ്യയിലെ മറ്റ് ചില ബാങ്കുകളും ഇത്തരത്തില്‍ ചതിക്കപ്പെട്ടിട്ടുണ്ട്. അവരും ഇത്തരത്തില്‍ പരാതിപ്പെടാന്‍ ഒരുങ്ങുകയാണ്.

അതേസമയം കോവിഡിന് പിന്നാലെ ജോലി നഷ്‌ടപ്പെട്ടത് കൊണ്ടാണ് ഇവര്‍ക്ക് വായ്‌പ തിരിച്ചടയ്ക്കാ നാകാതെ പോയത് എന്ന വാദം അഭിഭാഷകന്‍ തള്ളി. അന്വേഷണം തുടങ്ങിക്കഴിഞ്ഞതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. അതിനിടെ ചിലര്‍ വായ്‌പ തിരിച്ചടയ്ക്കാന്‍ സന്നദ്ധത അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.


Read Previous

സംഭൽ ഇരകളുടെ കുടുംബത്തെ കണ്ട് രാഹുലും പ്രിയങ്കയും; കൂടിക്കാഴ്ച ദില്ലിയിൽ വെച്ച്

Read Next

അകക്കണ്ണിൻറെ വെളിച്ചത്തിൽ മയ്യഴിയുടെ വികസനത്തിന് ചുക്കാൻ പിടിക്കാൻ മുനിസിപ്പൽ കമ്മീഷണറായി ചുമതലയേറ്റു, ഈ കമ്മീഷണർ ചില്ലറക്കാരനല്ല; പ്രതിബന്ധങ്ങളോട് പടവെട്ടി വെട്ടിപ്പിടിച്ച നേട്ടങ്ങളുമായി സതേന്ദ്ര സിങ് ഐഎഎസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »