ഏറ്റവും അവസാനം ചേര്‍ത്തത് സരിന്റെയും ഭാര്യയുടെയും വോട്ട്; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടേത് കള്ളവോട്ടെന്ന് സതീശന്‍


പാലക്കാട്: പാലക്കാട്ട് കോണ്‍ഗ്രസ് വോട്ടര്‍ പട്ടികയില്‍ കള്ളവോട്ടു ചേര്‍ത്തു എന്ന സിപിഎമ്മിന്റെ ആരോപണത്തില്‍ മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കള്ളവോട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്നും തടയുമെന്നും പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞാല്‍, ആദ്യം തടയേണ്ടത് ഇടതു സ്ഥാനാര്‍ത്ഥി ഡോ. പി സരിന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടേതുമാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടേയും ഭാര്യയുടേയും വോട്ട് ഒരു ബൂത്തില്‍ അവസാനമായി ചേര്‍ത്തിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

ഡോ. പി സരിന്‍ പാലക്കാട് മണ്ഡലത്തിലെ താമസക്കാരനല്ല. സരിന്‍ തിരുവില്വാമലക്കാരനാണ്. കഴിഞ്ഞ തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നേരത്ത് തിരുവില്വാമലയില്‍ നിന്നും ഒറ്റപ്പാലത്ത് വന്ന് വോട്ടു ചേര്‍ത്തു. അവിടെ നിന്നും ഏറ്റവും അവസാനമായി പാലക്കാടും വോട്ടു ചേര്‍ത്തു. വോട്ടര്‍ പട്ടികയുടെ അഡീഷണല്‍ ലിസ്റ്റില്‍ ഏറ്റവും അവസാനമായി വോട്ടു ചേര്‍ത്തിട്ടുള്ളത് സരിന്റെയും ഭാര്യയുടേയും പേരുകളാണെന്ന് വിഡി സതീശന്‍ പറഞ്ഞു.

ഇങ്ങോട്ടേക്ക് ഒരു വിരല്‍ ചൂണ്ടുമ്പോള്‍ നാലു വിരലുകള്‍ സ്വന്തം നെഞ്ചിനു നേര്‍ക്കാണെന്ന കാര്യം സിപിഎം ഓര്‍ക്കണം. എന്നിട്ടു വേണം ആരോപണം ഉന്നയിക്കാന്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ വോട്ട് ചേര്‍ത്തിരിക്കുന്നത് വ്യാജ വോട്ടാണ്. ആദ്യം സിപിഎം ജില്ലാ സെക്രട്ടറി അതു പോയി തടയണം. ഇവിടെ വാടകയ്ക്ക് താമസിക്കുകയാണെങ്കില്‍ പോലും ഒരാള്‍ക്ക് മണ്ഡലത്തില്‍ വോട്ടു ചേര്‍ക്കാം. പക്ഷെ ആറുമാസം ഇവിടെ തുടര്‍ച്ചയായി താമസിച്ചിരിക്കണം. അതിന്റെ റെസിഡന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ മാത്രമേ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനാകൂ എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

സരിന്‍ ആറുമാസം പാലക്കാട് താമസിച്ചിട്ടില്ല. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി യാകാന്‍ വേണ്ടിയിട്ടാണ് അദ്ദേഹം ഇവിടെ വന്ന് വാടക വീടെടുത്തത്. അദ്ദേഹം ഹാജരാക്കിയത് വ്യാജ സര്‍ട്ടിഫിക്കറ്റാണ്. ആദ്യം സിപിഎം ജില്ലാ സെക്രട്ടറി, സ്ഥാനാര്‍ത്ഥിയായ സരിന്‍ വോട്ടു ചെയ്യാന്‍ വരുമ്പോള്‍ അദ്ദേഹത്തെ തടയുകയാണ് ചെയ്യേണ്ടത്. വോട്ടര്‍പട്ടികയില്‍ പേരുള്ള ആരും തിരിച്ചറിയല്‍ കാര്‍ഡുമായി വന്നാല്‍ തടയാന്‍ ആര്‍ക്കും അവകാശമില്ല. വന്നയാള്‍ അതുതന്നെയാണോ എന്ന് തിരിച്ചറിയല്‍ രേഖ പരിശോധിച്ച് ഉറപ്പു വരുത്തുക മാത്രമാണ് പ്രസൈഡിങ് ഓഫീസര്‍മാരുടെ ചുമതലയെന്നും വിഡി സതീശന്‍ പറഞ്ഞു.

വോട്ടു ചെയ്യാന്‍ വരുന്നവരെ തടയും എന്നു പറഞ്ഞതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. പ്രസ്താവനയില്‍ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തേണ്ടതാണ്. റവന്യൂ അധികൃതര്‍ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു കഴിഞ്ഞാല്‍ തടയാന്‍ വ്യക്തികള്‍ക്ക് അവകാശമില്ല. ബിജെപിയും ഇത്തരത്തില്‍ കള്ളവോട്ട് ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ യുഡിഎഫ് ആ പണിക്കൊന്നും പോയിട്ടില്ല. ആരൊക്കെയാണ് കള്ളവോട്ട് ചേര്‍ത്തിട്ടുള്ളതെന്ന് ഇപ്പോള്‍ വ്യക്തമായി ട്ടുണ്ടല്ലോയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഇലക്ഷന്‍ പ്രക്രിയയില്‍ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ലഭിച്ച അപേക്ഷകള്‍ ശരിയാണോയെന്ന്, അപേക്ഷകരുടെ വീടുകളില്‍ പോയി പരിശോധിച്ച് ഉറപ്പു വരു ത്തേണ്ടത് ബിഎല്‍ഒമാരുടെ ഉത്തരവാദിത്തമാണ്. താമസിക്കാത്തവരുണ്ടെങ്കില്‍ ഇവിടെ അങ്ങനെ ഒരാള്‍ ഇല്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയാല്‍ ആ വോട്ട് ചേര്‍ക്കില്ല. അങ്ങനെ ഇല്ലാത്ത ആരുടെയെങ്കിലും വോട്ടു ചേര്‍ത്തിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനും ഇലക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിനുമാണ്. റവന്യൂ വകുപ്പാണ് അതിന്റെ പരിശോധന നടത്തുന്നത്. അവരാണ് ഉത്തരവാദി. ഇപി ജയരാജനെ വിരട്ടിയാണ് സിപിഎം പാലക്കാട്ട് പ്രചാരണത്തിന് കൊണ്ടു വന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.


Read Previous

കെ എം സി സി കാസര്‍ഗോഡ്‌ ജില്ല ത്രൈമാസ ക്യാമ്പയിന്‍ “കൈസെൻ”

Read Next

ആറാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളിലെ കിണറ്റില്‍ വീണു; ആശുപത്രിയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »