പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ; മുരളീധരന്റെ തോല്‍വി മൂന്നോ നാലോ വ്യക്തികളുടെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമങ്ങള്‍ വിലപ്പോകില്ല’


തൃശൂര്‍: തൃശൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്റെ പരാജയ വുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ മറുപടിയുമായി തൃശൂര്‍ ഡിസിസി. സ്വന്തം ബൂത്തിലെ വോട്ടുകളുടെ ലീഡിനെ സംബന്ധിച്ച് ഓരോ നേതാവും മറുപടി പറയാന്‍ ബാധ്യസ്ഥനായിരിക്കെ തെരഞ്ഞെടുപ്പ് പരാജയം മൂന്നോ നാലോ വ്യക്തികളുടെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമങ്ങള്‍ വിലപ്പോകില്ല. യുഡിഎഫ് നേതാക്കളെ അധിക്ഷേപിക്കാനും കല്ലെറിയാനും നേതൃത്വം കൊടുക്കുന്നവര്‍ ‘പാപം ചെയ്യാത്തവര്‍’ ആകട്ടേയെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ ഗോപാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സംഘടനാ സംവിധാനത്തില്‍ ഉണ്ടായ വീഴ്ച മൂലമാണ് പരാജയപ്പെട്ടത് എന്നായിരുന്നു തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയുള്ള കെ മുരളീധരന്റെ പ്രതികരണം. ഇനി സജീവ പൊതുപ്രവര്‍ത്തനത്തില്‍ നിന്നും മത്സര രംഗത്ത് നിന്നും തത്ക്കാലം മാറി നില്‍ക്കാന്‍ തീരുമാനിച്ചെന്നും ഇനി ചെറുപ്പക്കാര്‍ വരട്ടെയെന്നുമാണ് മുരളീധരന്‍ പറഞ്ഞത്. കൂടാതെ ബിജെപി സ്ഥാനാര്‍ഥി വിജയി ക്കാന്‍ വലിയ തോതിലുള്ള അടിയൊഴുക്കും കാരണമായിട്ടുണ്ടെന്നും മുരളീധരന്‍ വിമര്‍ശിച്ചിരുന്നു. ഇത് ഏറ്റുപിടിച്ച് നിരവധി പ്രാദേശിക നേതാക്കള്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിനെതിരെ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡിസിസിയുടെ പ്രസ്താവന.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ കെ മുരളീധരനെ വിജയിപ്പിക്കാന്‍ യുഡിഎഫ് ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിച്ചതെന്നും പ്രസ്താവനയില്‍ പറയുന്നു. എഐസിസി നിര്‍ദ്ദേശപ്രകാരം ബൂത്തുകളില്‍ ചുമതല കൊടുക്കുന്നതിന്റെ ഭാഗമായി തൃശ്ശൂര്‍ പാര്‍ലമെന്റിലെ 1275 ബൂത്തുകളില്‍ ഓരോ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനും ചുമതല നല്‍കി. എംപിയായിരുന്ന ടിഎന്‍ പ്രതാപന്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം പി വിന്‍സെന്റ് ജനറല്‍ കണ്‍വീനറും മുന്‍ എംഎല്‍എ ടിവി ചന്ദ്രമോഹന്‍ ചീഫ് ഇലക്ഷന്‍ ഏജന്റും മുന്‍ എംഎല്‍എ അനില്‍ അക്കര കോഡിനേറ്ററും മുന്‍ ഡിസിസി പ്രസിഡന്റ് ഒ അബ്ദുറഹ്മാന്‍ കുട്ടി ട്രഷററും ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ തൃശൂര്‍, ചാലക്കുടി, ആലത്തൂര്‍ എന്നി 3 പാര്‍ലമെന്റ് മണ്ഡലങ്ങളുടെ ചീഫ് കോഡിനേറ്ററുമായിട്ടാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. തൃശ്ശൂരിലെ 7 നിയമസഭാ നിയോജകമണ്ഡലങ്ങളില്‍ മുന്‍ എംഎല്‍എ പി എ മാധവന്‍, മുന്‍ മേയര്‍ ഐപി പോള്‍, കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എംപി ജാക്‌സണ്‍, ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്, ഇന്റക് ജില്ലാ പ്രസിഡന്റ് സുന്ദരന്‍ കുന്നത്തുള്ളി, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച് റഷീദ്, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഹാറൂണ്‍ റഷീദ് എന്നിവര്‍ ചെയര്‍മാന്‍മാരായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതായും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

അതിനിടെ, ഡിസിസി ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് 1 സമരം നടത്തിയ ഇസ്മയില്‍ എന്ന വ്യക്തിയെ പാര്‍ട്ടിയില്‍ നിന്ന് മുന്‍പ് പുറത്താക്കിയ വ്യക്തിയാണെന്ന് ഗോപാലകൃഷ്ണന്‍ അറിയിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലി നെതിരെ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടതിന്റെ പേരില്‍ 2021 ല്‍ ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. കുത്തിയിരുപ്പ് സമരം നടത്തിയ ഇസ്മയിലിന് പാര്‍ട്ടിയുമായി യാതൊരുവിധ ബന്ധവുമില്ല. പിന്നെ ആരുടെ പ്രേരണയാലാണ് ഇസ്മയില്‍ കുത്തിയിരുപ്പ് സമരം നടത്തിയത് എന്നത് അത്ഭുതം ഉളവാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Read Previous

മന്ത്രിസഭാ രൂപീകരണം: ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍, സ്പീക്കറില്‍ വഴങ്ങാതെ ടിഡിപി; നിലപാട് കടുപ്പിച്ച് ജെഡിയു; എന്‍ഡിഎ എംപിമാരുടെ യോഗം പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ ഇന്ന്.

Read Next

നേതാക്കള്‍ പലരും വിളിച്ചു, എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല: കെ മുരളീധരന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »