
കൊല്ലം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം. യുവത്വത്തിന് അവസരം എന്നപേരിൽ ആര്യയെ മേയറാക്കിയത് ആന മണ്ടത്തരം എന്നുവിശേഷിപ്പിച്ച പ്രതിനിധികൾ ആര്യയുടെ പക്വതയില്ലാത്ത പെരുമാറ്റം ഇപ്പോൾ മാത്രമല്ല ഭാവിയിലും പാർട്ടിക്ക് ദോഷമാവും എന്നും ചൂണ്ടിക്കാട്ടി. കോർപ്പറേഷൻ ഡിവിഷനുകളിൽ പലയിടത്തും ബിജെപി മുന്നേറ്റമാണെന്നും അവർ വിമർശിച്ചു.
ഡിവൈഎഫ്ഐ നേതാവും എംപിയുമായ എഎ റഹീമിന്റെ പ്രവർത്തനങ്ങളും രൂക്ഷ വിമർശന ത്തിനിടയാക്കി. റഹീമിനെ രാജ്യസഭയിലേക്ക് അയച്ചത് എന്തിനുവേണ്ടിയാണെന്ന് ചില പ്രതിനിധികൾ ചോദിച്ചു. ആൾ മോശമാണെന്ന് പറയുന്നില്ലെങ്കിലും പ്രകടനം തീരെ പരിതാപകരമാണെന്നും പ്രതിനിധികൾ വിമർശിച്ചു. 75 വയസ് നോക്കിയല്ല പാർട്ടിയിലെ വിരമിക്കൽ പ്രായം കണക്കാക്കേണ്ട തെന്നും വിവരക്കേട് പറയുന്ന സഖാക്കളെ അത് എത്ര ഉന്നതനായാലും ഒഴിവാക്കണമെന്നും ചിലർ ആവശ്യപ്പെട്ടു.
പാർലമെന്റിൽ ഇടതുപക്ഷത്തിന് മുഖമില്ലാത്ത അവസ്ഥയാണിപ്പോഴെന്നും ചിലർ പറഞ്ഞു.സന്ദീപ് വാര്യരെ വിശുദ്ധനാക്കാൻ ചില ഉന്നത സിപിഎം നേതാക്കൾ ശ്രമിച്ചെന്ന വിമർശനവും ഉയർന്നു. തലേദിവസംവരെ വർഗീയത പറഞ്ഞതിനെ മറന്ന് സന്ദീപിനെ ഉത്തമനായ സഖാവ് ആക്കാൻ നോക്കിയ നേതാക്കളാണ് പാർട്ടിയിലുള്ളതെന്നും സന്ദീപ് കോൺഗ്രസിൽ ചേർന്നപ്പോൾ അയാളുടെ വർഗീയ രാഷ്ട്രീയത്തെ ഉപയോഗിച്ച് പത്രപരസ്യം ചെയ്ത് ന്യൂനപക്ഷങ്ങളെ കബളിപ്പിക്കാൻ ശ്രമിച്ചെന്നും പ്രതിനിധികൾ വിമർശിച്ചു.
കെ ബി ഗണേഷ് കുമാർ ഇടതുമുന്നണി സ്ഥാനാത്ഥിയായി പത്തനാപുരത്ത് മത്സരിച്ചുവിജയിച്ച് മന്ത്രിയായതാണെങ്കിലും സിപിഎമ്മിന് ബാദ്ധ്യതയായിരിക്കുകയാണെന്നും പ്രതിനിധികൾ വിമർശിച്ചു. രണ്ടാം പിണറായി സർക്കാരിൽ രാഷ്ട്രീയ അഴിമതി കുറഞ്ഞെങ്കിലും ഉദ്യോഗസ്ഥ തലത്തിൽ വൻ അഴിമതി അരങ്ങേറുന്നുണ്ട്. പാർട്ടിക്കാർക്ക് പൊലീസ് സ്റ്റേഷനിൽപ്പോലും നീതി കിട്ടുന്നില്ല. മറ്റു പാർട്ടിക്കാർക്കു കിട്ടുന്ന പരിഗണന പോലും പാർട്ടിക്കാർക്ക് ലഭിക്കുന്നില്ലെന്നും പ്രതിനിധികൾ വിമർശനമുന്നയിച്ചു.