കോഴിക്കോട്: ജൂലൈ 25 മുതല്‍ 28 വരെ കോടഞ്ചേരിയിലെ ഇരുവഞ്ഞിപ്പുഴയിലും ചക്കിട്ടപ്പാറയിലുമായി നടക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്‍റെ അനുബന്ധ മത്സരങ്ങള്‍ക്ക് നാളെ (ജൂണ്‍ 22) തുടക്കമായി. കോടഞ്ചേരിയില്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഓഫ്റോഡ് സ്റ്റേറ്റ് ചാംപ്യന്‍ഷിപ്പോടെയാണ് മത്സരങ്ങള്‍ തുടങ്ങിയത്. ജില്ല പഞ്ചായത്ത് വൈ. പ്രസിഡന്‍റ് അഡ്വ.പി ഗവാസ് കോടഞ്ചേരി സ്‌കൂള്‍ ഗ്രൗണ്ടില്‍ മത്സരം ഫ്ലാഗ് ഓഫ് ചെയ്തു

ഓഫ് റോഡ് ചാംപ്യന്‍ഷിപ്പിന്‍റെ സമ്മാന ദാനം തിരുവമ്പാടി നിയോജക മണ്ഡലം എം.എല്‍.എ ലിന്‍റോ ജോസഫും കോഴിക്കോട് കലക്‌ടര്‍ സ്നേഹില്‍ കുമാര്‍ ഐ. എ.എസും നിര്‍വഹിക്കും. ഒരു മാസക്കാലം വിവിധ പഞ്ചായത്തുകളിലായാണ് അനു ബന്ധമത്സരങ്ങള്‍ നടക്കുന്നത്.
22ന് തന്നെ തിരുവമ്പാടിയില്‍ ചൂണ്ടയിടല്‍ മത്സരം, 29ന് കോടഞ്ചേരിയില്‍ ഹോം സ്റ്റേ ടൂറിസത്തിന്‍റെ പരിശീലനം, 30ന് തുഷാരഗിരിയില്‍ മഴ നടത്തം, ജൂലൈ 5,6,7 തിയ്യതി കളില്‍ ഓഫ് റോഡ് നാഷണല്‍ ചാംപ്യന്‍ഷിപ്പ് കോടഞ്ചേരിയില്‍, ജൂലൈ 13ന് ഓമശ്ശേരിയില്‍ മഡ് ഫുട്ബോള്‍, 14ന് മുക്കത്ത് കബഡി, 20ന് പുതുപ്പാടിയില്‍ വടം വലി, ജൂലൈ 21,22,23 ദിവസങ്ങളില്‍ കോടഞ്ചേരിയില്‍ മലകയറ്റ പരിശീലനം, ജൂലൈ 21ന് തിരുവമ്പാടിയില്‍ നീന്തല്‍ മത്സരം, ജൂലൈ 21ന് കോഴിക്കോട്, കല്‍പ്പറ്റ, അരീക്കോട് എന്നിവിടങ്ങളില്‍ നിന്ന് കോടഞ്ചേരി പുലിക്കയത്തേക്ക് സൈക്കിള്‍ റാലി, കൂടരഞ്ഞി യില്‍ ഓഫ് റോഡ് ജീപ്പ് സഫാരി, കൊടിയത്തൂര് വണ്ടിപ്പൂട്ട് തുടങ്ങിയവയും റിവര്‍ ഫെസ്റ്റിന്‍റെ ഭാഗമായി നടക്കും.