യോഗത്തിന് മുന്‍പായി മമ്മൂട്ടിയെ വിളിച്ചു; നാടകീയമായി രാജി തീരുമാനം അറിയിച്ച് മോഹന്‍ലാല്‍; അംഗങ്ങള്‍ക്ക് ഞെട്ടല്‍


കൊച്ചി: അമ്മയില്‍ പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെയാണ് മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്. ഇങ്ങനെ മുന്നോട്ടുപോകാന്‍ ബുദ്ധിമുട്ടാണന്നും വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത് കാര്യങ്ങള്‍ പറയുമെന്ന് ചില അംഗങ്ങള്‍ അറിയിച്ചതോടെയാണ് ഇന്ന് ഓണ്‍ലൈനായി യോഗം ചേര്‍ന്നത്. ജഗദീഷ് ഉള്‍പ്പടെയുള്ള നടന്‍മാര്‍ കടുത്ത നിലപാട് സ്വീകരിച്ചു. ഇതിനിടെ മുതിര്‍ന്ന താരങ്ങളുമായി മോഹന്‍ ലാല്‍ പലവട്ടം ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. യോഗത്തിന് മുന്‍പായി തന്നെ മോഹന്‍ലാല്‍ ഒരുനിര്‍ണായക തീരുമാനം ഉടന്‍ തന്നെ ഉണ്ടാകമെന്നും പറഞ്ഞു.

യോഗത്തില്‍ വളരെ വൈകാരികമായിട്ടായിരുന്നു മോഹന്‍ലാലിന്റെ രാജിപ്രഖ്യാ പനം. ഒരുകാലത്തും ഉണ്ടാകാത്ത രീതിയില്‍ വലിയ പ്രതിസന്ധിയിലുടെയാണ് സംഘടന കടന്നുപോകുന്നത്. ഇതിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുകയാണെന്ന് മോഹന്‍ ലാല്‍ അറിയിച്ചു.

ലാലിന്റെ തീരുമാനം കേട്ട് ഒരുമിച്ച് നേരിടാമെന്ന് എതിര്‍പ്പ് ഉന്നയിച്ച അംഗങ്ങള്‍ പോലും പറഞ്ഞെങ്കിലും ഇത് ഉറച്ച തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു. രാജിയ്ക്ക് മുന്‍പായി താന്‍ മമ്മൂട്ടിയെ വിളിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍കൂടിയാണ് ഇത്തരത്തില്‍ തീരുമാനമെടുത്തതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അതിന് പിന്നാലെ എക്‌സിക്യൂട്ടീവ് അംഗങ്ങളും സ്ഥാനം ഒഴിയാന്‍ തീരുമാനിക്കുകയായിരുന്നു.

ഇതിന് പിന്നാലെ രാജി അമ്മ ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ‘ഹേമ കമ്മറ്റി റിപ്പോര്‍ട്ടുപുറത്തുവന്നതിനെ തുടര്‍ന്ന് സാമൂഹ്യ, ദൃശ്യ,അച്ചടി മാധ്യമങ്ങളില്‍ അമ്മ സംഘടനയിലെ ചില ഭാരവാഹികള്‍ ലൈംഗികാരോപണങ്ങള്‍ നേരിടുന്ന പശ്ചാത്തലത്തില്‍ അമ്മയുടെ നിലവിലുള്ള ഭരണസമിതി അതിന്റെ ധാര്‍മികമായ ഉത്തരവാദിത്വം മുന്‍നിര്‍ത്തി രാജിവയ്ക്കുന്നു. രണ്ട് മാസത്തിനുള്ളില്‍ പൊതുയോഗം കൂടി പുതിയ ഭാരവാഹികളെ തീരുമാനിക്കും.

അമ്മ ഒന്നാം തീയതി നല്‍കുന്ന കൈ നീട്ടവും ആരോഗ്യ ചികിത്സയ്ക്ക് നല്‍കിപ്പോ രുന്ന സഹായവും അമ്മയുടെ സമാദരണീ യരായ അംഗങ്ങള്‍ക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും പൊതുയോഗം വരെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണസമിതി താത്കാലികമായി തുടരും. അമ്മയെ നവീകരിക്കാനും ശക്തിപ്പെടുത്താനും കെല്‍പ്പുള്ള പുതിയ നേതൃത്വം അമ്മയ്ക്ക് ഉണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങള്‍. എല്ലാവര്‍ക്കും നന്ദി വിമര്‍ശിച്ചിതിനും തിരുത്തിയ തിനും അമ്മയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനും അതിനു പിന്നാലെ ഉയര്‍ന്ന ലൈംഗികാരോപണങ്ങള്‍ക്കും പിന്നാലെയാണ് താരസംഘടനയായ ‘അമ്മ’യില്‍ കൂട്ടരാജിയുണ്ടായത്. പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കമുള്ള മുഴുവന്‍ ഭാരവാഹികളും രാജിവച്ചു. അമ്മയുടെ ഭരണസ മിതി പിരിച്ചുവിട്ടു. റിപ്പോര്‍ട്ടിന് പിന്നാലെയുണ്ടായ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് സംവിധായകന്‍ രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനവും നടന്‍ സിദ്ദിഖ് താരസംഘടനയായ ‘അമ്മ’ ജനറല്‍ സെക്രട്ടറി സ്ഥാനവും രാജിവച്ചിരുന്നു.

നടി രേവതി സമ്പത്ത് ഉയര്‍ത്തിയ പീഡന ആരോപണത്തെ തുടര്‍ന്നാണ് സിദ്ദീഖ് രാജിവച്ചത്. ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനു പിന്നാലെയാണ് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചത്. പിന്നാലെ, ജോയിന്റ് സെക്രട്ടറിയായ നടന്‍ ബാബു രാജിന് നേര്‍ക്കും ലൈംഗിക പീഡന ആരോപണം ഉയര്‍ന്നതോടെ വലിയ പ്രതിസന്ധിയിലൂടെയാണ് അമ്മ കടന്നുപോയത്. വിഷയത്തില്‍ പരസ്യ പ്രതികരണവുമായി നടന്‍ ജഗദീഷ് അടക്കമുള്ള താരങ്ങള്‍ എത്തുകയും ചെയ്തു. ജയന്‍ ചേര്‍ത്തല അടക്കമുള്ള അംഗങ്ങളും അമ്മയുടെ നേതൃത്വത്തിനെതിരെ രംഗത്തെത്തി. അമ്മയ്ക്ക് വീഴ്ച സംഭവിച്ചുവെന്ന് നടന്‍ പൃഥ്വിരാജ് കഴിഞ്ഞ ദിവസം തുറന്നടിക്കുകയും ചെയ്തു.


Read Previous

മുകേഷ്, ജയസൂര്യ, ഇടവേള ബാബു, മണിയന്‍ പിള്ള രാജു; 7 പേര്‍ക്കെതിരെ പരാതി നല്‍കി മിനു മുനീര്‍

Read Next

മോഹൻലാൽ രാജി വെച്ചതിൽ സങ്കടം തോന്നുന്നു! പൃഥ്വിരാജ് പ്രസിഡന്‍റാകാൻ യോഗ്യനെന്നും ശ്വേത മേനോൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »