വയനാട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സി കെ ജാനുവിന് 25 ലക്ഷം രൂപ കോഴ നൽകിയെന്ന കേസിൽ പ്രകാശൻ മൊറാഴയുടെയും പ്രസീത അഴീക്കോടിന്‍റെയും രഹസ്യമൊഴി എടുത്തു. മാനന്തവാടി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മൊഴിയെടുത്തത്. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് സികെ ജാനുവിന് കെ സുരേന്ദ്രൻ പണം നൽകിയെന്ന കേസിലാണ് മൊഴി.
ജെആർപി ഭാരവാഹികളായ പ്രകാശൻ മൊറാഴ, ബിജു അയ്യപ്പൻ എന്നിവരും മൊഴി നൽകി. കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈബ്രാഞ്ച് നേരത്തെ ഇവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. സികെ ജാനുവിനെ എൻഡിഎയിലേക്ക് എത്തിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പണം നൽകിയെന്നതിൽ ശബ്ദരേഖ തെളിവടക്കമാണ് പ്രസീത പുറത്ത് വിട്ടത്.
മാർച്ച് ഏഴിന് തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ച് 10 ലക്ഷവും മാർച്ച് 26ന് ബത്തേരി മണിമല ഹോംസ്റ്റേയിൽ വച്ച് 25 ലക്ഷം രൂപയും ജാനുവിന് കൈമാറിയെന്നാണ് വെളിപ്പെടുത്തൽ.