മാന്നാര്‍ കൊലക്കേസ്: മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി; മുഖ്യപ്രതി അനിലിനെ വൈകാതെ നാട്ടിലെത്തിക്കും


ആലപ്പുഴ: മാന്നാറിലെ കലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളില്‍ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ടാം പ്രതി ജിനു, മൂന്നാം പ്രതി സോമന്‍, നാലാം പ്രതി പ്രമോദ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തി യത്. ഇവരെ വൈദ്യ പരിശോധനയ്ക്ക് ശേഷം ചെങ്ങന്നൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

കൊല്ലപ്പെട്ട കലയുടെ ഭര്‍ത്താവ് അനില്‍ കുമാറിന്റെ ബന്ധുക്കളും സുഹൃത്തുക്കളു മായ ഇവര്‍ കൊലപാതകത്തില്‍ നേരിട്ടും അല്ലാതെയും പങ്കുള്ളവരാണ്. അതേസമയം, മുഖ്യപ്രതിയായ ഭര്‍ത്താവ് അനിലിനെ ഇസ്രായേലില്‍ നിന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

അനില്‍ കുമാറിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ നിന്നും കണ്ടെടുത്ത അവശിഷ്ടങ്ങള്‍ ശാസ്ത്രീയ പരിശോധനകള്‍ക്കായി അയച്ചിട്ടുണ്ട്. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ മൃതദേഹം കലയുടേതാണോ എന്ന കാര്യത്തില്‍ വ്യക്തത വരൂ. കേസില്‍ കലയുടെ ഭര്‍ത്താവ് അനിലിനെ ഒന്നാം പ്രതിയാക്കിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

കൊലപാതകം, തെളിവു നശിപ്പിക്കല്‍, സംഘം ചേര്‍ന്നുള്ള കുറ്റകൃത്യം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കലയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിലാണ് കൊല നടത്തിയത്. പ്രതികള്‍ മൃതദേഹം മറവ് ചെയ്ത് തെളിവുകള്‍ നശിപ്പിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്.

2008 ലാണ് കലയെ കാണാതായത്. എങ്ങനെയാണ് കലയെ കൊന്നതെന്നും എന്തിന് വേണ്ടിയായിരുന്നു എന്നും ഭര്‍ത്താവ് അനില്‍ നാട്ടിലെത്തിയാല്‍ മാത്രമേ ഉറപ്പിച്ച് പറയാനാവൂ എന്ന് പൊലീസ് പറയുന്നു. കല കൊല്ലപ്പെട്ടതാണെന്ന് സ്ഥിരീകരിക്കുന്ന കൃത്യമായ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. അനിലും മറ്റു പ്രതികളും ചേര്‍ന്ന് കലയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ കുഴിച്ചിട്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന മൊഴി.

കൊന്നു കുഴിച്ചു മൂടിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ മാവേലിക്കര മാന്നാറിലെ ഇലമന്നൂരിലെ അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്ക് തുറന്ന് നടത്തിയ പരിശോധന യിലാണ് കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ എന്ന് സംശയിക്കുന്ന വസ്തുക്കള്‍ ലഭിച്ചത്. മൃതദേഹം കുഴിച്ചിട്ടപ്പോള്‍ രാസവസ്തുക്കള്‍ ഉപയോഗിച്ചിട്ടുള്ളതായും സംശയിക്കുന്നു.


Read Previous

ഗുരുവായൂരപ്പന് 25 ലക്ഷത്തിന്‍റെ വിളക്കുകളും സ്വര്‍ണമാലയും; പ്രവാസി മലയാളിയുടെ വഴിപാട്

Read Next

അലോഷി പാടി റിയാദിന്റെ ഹൃദയങ്ങളിലേക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular