തൃശൂരിലും വന്‍ അവയവക്കച്ചവടം: വൃക്കയും കരളും വിറ്റത് ഒരു പഞ്ചായത്തിലെ ഏഴുപേര്‍; കൂടുതലും സ്ത്രീകള്‍


തൃശൂര്‍: ഇറാന്‍ കേന്ദ്രീകരിച്ച് തൃശൂര്‍ സ്വദേശി നടത്തിയ വന്‍ അവയക്കച്ചവടത്തിന് പിന്നാലെ തൃശൂരില്‍ നിന്നുതന്നെ വീണ്ടും സമാനമായ വാര്‍ത്ത പുറത്തുവരുന്നു. തൃശൂര്‍ മുല്ലശേരി പഞ്ചായത്തിലാണ് അവയവക്കച്ചവടം നടന്നത്. പഞ്ചായത്തില്‍ മാത്രം ഏഴ് പേര്‍ അവയവ കച്ചവടത്തിന് ഇരയായെന്ന് മുല്ലശേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി.എ ബാബു വെളിപ്പെടുത്തി.

ഇദേഹത്തിന്റെ നേതൃത്വത്തിലുള്ള സാന്ത്വനം ജീവകാരുണ്യ സംഘടനയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ വ്യക്തമായതെന്നും സ്ത്രീകളാണ് ഇരകളായതെന്നും സി.എ ബാബു ചൂണ്ടിക്കാട്ടി. വൃക്കയും കരളുമാണ് വില്‍പ്പന നടത്തിയത്. പത്ത് മുതല്‍ പന്ത്രണ്ട് ലക്ഷം വരെയാണ് ഇതിന് പ്രതിഫലം ലഭിച്ചതെന്നും ഇരകളുടെ സാമ്പത്തിക പരാധീനതകള്‍ മുതലെടുത്താണ് മാഫിയകള്‍ അവയവ കച്ചവടം നടത്തിയതെന്നും ബാബു ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് കഴിഞ്ഞ സെപ്റ്റംബറില്‍ ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ കാര്യമായ അന്വേഷണം നടന്നില്ലെന്നും അദേഹം പറഞ്ഞു.

ഇതുസംബന്ധിച്ച വിവരം ലഭിച്ച ഉടനെ ഈ സ്ത്രീകളുമായി ബന്ധപ്പെട്ടിരുന്നു. ഏജന്റ് മുഖേനയാണ് അവയവം ദാനം ചെയ്തതെന്ന് ഇവര്‍ വ്യക്തമാക്കി. പുറം പോക്കിലും മറ്റും താമസിക്കുന്നവരെയാണ് ഏജന്റുമാര്‍ ബന്ധപ്പെടുന്നത്. പണം നല്‍കിയ കാര്യവും മറ്റും സ്ത്രീകള്‍ തന്നോട് വെളിപ്പെടുത്തിയിരുന്നു. ഇരകളായ ഏഴ് പേരില്‍ അഞ്ച് പേര്‍ വൃക്കയും രണ്ട് പേര്‍ കരളുമാണ് ദാനം ചെയ്തത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ കാര്യമായൊന്നും സംഭവിച്ചില്ല.

കൊച്ചി കേന്ദ്രീകരിച്ചു നടന്ന മറ്റൊരു അവയവക്കടത്ത് കേസില്‍ പിടിയിലായ തൃശൂര്‍ സ്വദേശി സബിത്ത് നാസറിനെ കഴിഞ്ഞ ദിവസം കോടതി റിമാന്‍ഡ് ചെയ്തിരുന്നു. അങ്കമാലി സെഷന്‍സ് കോടതിയാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. വിദേശത്തേക്ക് ആളുകളെ കൊണ്ടുപോയി അവയവ വില്‍പന നടത്തുന്ന സംഘത്തിന്റെ ഏജന്റായ സബിത്ത് കഴിഞ്ഞ ദിവസം കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ചാണ് പിടിയിലായത്. ഇതിന് പിന്നാലെയാണ് അവയവക്കടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.


Read Previous

തായ്ലാൻഡിൽ വിനോദയാത്രക്ക് പോയ മലയാളി വെടിയേറ്റ് മരിച്ചു

Read Next

ബിജെപി പ്രവേശനം; ഗൂഢാലോചന നടത്തിയെന്ന ഇപിയുടെ പരാതിയില്‍ കേസെടുക്കാനാകില്ലെന്ന് പൊലീസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »