മേപ്പാടി: ഇവർ ജിൻഷയും ആഗ്നേയയും. ചൂരൽമലയിലെ ചെളിക്കുഴിയിൽ മുങ്ങിത്താഴും മുമ്പ് അത്ഭുതകരമായി രക്ഷപ്പെട്ട അമ്മയും മകളും. ഇന്നലെ കേരള കൗമുദി ഒന്നാം പുറത്തു നൽകിയിരുന്നു, ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിൽ രക്ഷാപ്രവർത്തകന്റെ കരംപിടിച്ചു നടന്നുനീങ്ങുന്ന ഇവരുടെ ചിത്രം.ഞങ്ങളെ രക്ഷിച്ച, ആ ദൈവത്തിന്റെ കരങ്ങൾക്ക് നന്ദി…. ജിൻഷ ഇതു പറഞ്ഞ് ആശ്വസി ക്കുമ്പോൾ, ഭയവും അമ്പരപ്പും വിട്ടുമാറിയിട്ടില്ല ആഗ്നേയയ്ക്ക്.

ജിൻഷയുടെയും ഭർത്താവ് വിപിൻ ദാസിന്റെയും വീടുകൾ അടുത്തടുത്താണ്. മാസങ്ങൾക്ക് മുമ്പ് പിതാവ് മരിച്ചതിനെ തുടർന്ന് ജിൻഷയുടെ വീട്ടിൽ അമ്മയും മുത്തശ്ശിയും മാത്രമാണുള്ളത്. ഉരുൾപൊട്ടലിന് ഏതാനും മണിക്കൂർ മുമ്പ് ഭർതൃ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച് അമ്മയ്ക്കും മുത്തശ്ശിക്കും കൂട്ടുകിടക്കാൻ മകളെയും കൂട്ടി പോയതായിരുന്നു ജിൻഷ.
പുലർച്ചെ ഒന്ന് നാൽപ്പതോടെയായിരുന്നു ഇടിമുഴക്കത്തോടെ മലവെളളം കുത്തി യൊലിച്ച് വന്നത്. ഇരു വീടുകളെയും തകർത്തെറിഞ്ഞ് ഉരുൾ പാഞ്ഞുപോയി. ഭർതൃ പിതാവ് മോഹനനും മാതാവ് പ്രേമലീലയും ജിൻഷയുടെ അമ്മ ഗീതയും മുത്തശ്ശി ലക്ഷ്മിയും ഒഴുകിപ്പോയി. ജിൻഷ മകളെ വാരിയെടുത്ത് മാറോടണച്ച് പിടിച്ചു. വെള്ളപ്പാച്ചിലിൽ ഒഴുകി ചെളിയിൽ പുതഞ്ഞു നിന്ന ഇരുവരും രക്ഷാപ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടു. അങ്ങനെ, രണ്ടാം ജന്മം സാദ്ധ്യമായി. ഒഴുകിപ്പോയ നാല് പേരുടെയും മൃതദേഹം ഇന്നലെ കണ്ടെത്തി.
ചെന്നൈയിൽ എ.സി മെക്കാനിക്കാണ് വിപിൻദാസ്. ദുരന്തമറിഞ്ഞ് ഇന്നലെ നാട്ടിൽ എത്തിച്ചേർന്നു. ദുരിതാശ്വാസ ക്യാമ്പിലായിരുന്ന ഭാര്യയെയും മകളെയും കൂട്ടി ഇന്നലെ ബന്ധുവീട്ടിലേക്ക് മാറി. ഇസാഫ് ബാങ്കിലെ ജീവനക്കാരിയാണ് ജിൻഷ.