പാലക്കാട്: കാനം രാജേന്ദ്രന്റെ മരണത്തെത്തുടര്‍ന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ നിയമിച്ചത് കീഴ്‌വഴക്കം ലംഘിച്ചെന്ന് മുതിര്‍ന്ന നേതാവ് കെഇ ഇസ്മയില്‍. സാധാരണ ഗതിയില്‍ എക്‌സിക്യൂട്ടിവും സംസ്ഥാന കമ്മിറ്റിയും ചേര്‍ന്നാണ് സെക്രട്ടറിയെ തീരുമാനിക്കുകയെന്ന് ഇസ്മയില്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

താത്കാലിക ചുമതല നല്‍കുന്ന കീഴ്‌വഴക്കം പാര്‍ട്ടിയിലുണ്ടെന്ന് ഇസ്മയില്‍ പറഞ്ഞു. ബിനോയ് വിശ്വത്തിനു ചുമതല നല്‍കിയത് പെട്ടെന്നായിപ്പോയി എന്നത് വലിയ അപരാധമായി കരുതുന്നില്ല. എന്നാലും ഇന്നും നാളെയും ഭൂവനേശ്വറില്‍ ദേശീയ എക്‌സിക്യൂട്ടിവ് ചേരുന്നുണ്ട്, അവിടെ ആലോചിച്ചിട്ടു മതിയായിരുന്നു എന്ന അഭിപ്രായമുണ്ട്.
28ന് സംസ്ഥാന കൗണ്‍സില്‍ കൂടുന്നുണ്ട്, അവിടെയും ആലോചിക്കാമായിരുന്നു. സെക്രട്ടറിയുടെ താത്കാലിക ചുമതലയുടെ അടിയന്തര ആവശ്യമൊന്നുമില്ല. ഇവിടെ രണ്ട് അസിസ്റ്റന്റ് സെക്രട്ടറിമാരുണ്ട്, സംസ്ഥാന എക്‌സിക്യൂട്ടിവ് ഉണ്ട്, നാഷനല്‍ എക്‌സിക്യുട്ടിവ് അംഗങ്ങളുണ്ട്. അത്യാവശ്യകാര്യങ്ങള്‍ അവര്‍ക്കു നിര്‍വഹിക്കാവുന്ന തേയുള്ളൂ. എന്തെങ്കിലും അത്യാവശ്യ കാര്യമുണ്ട് എന്നതുകൊണ്ടാണ് നിയമനമെങ്കില്‍ വിരോധമില്ലെന്ന് ഇസ്മയില്‍ പറഞ്ഞു.
ബിനോയ് വിശ്വത്തെ കുട്ടിയായിരിക്കുമ്പോഴേ തനിക്കറിയാം. ബിനോയിയുടെ അച്ഛനും താനും കര്‍ഷകതൊഴിലാളി ഫെഡറേഷന്റെ പ്രസിഡന്റും സെക്രട്ടറിയു മായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. ബിനോയ് നല്ല ചെറുപ്പക്കാരനാണ്. കാര്യങ്ങളൊക്കെ മനസ്സിലാക്കാനും പാര്‍ട്ടിയെ ഒന്നിപ്പിച്ചു കൊണ്ടുപോവാനും പ്രാപ്തിയുണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്. ബിനോയ് വിശ്വത്തോട് പൊതുവേ ആര്‍ക്കും അഭിപ്രായ വ്യത്യാസമുള്ളതായി അറിയില്ലെന്ന് ഇസ്മയില്‍ പറഞ്ഞു