കോട്ടയം: ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ കൊച്ച്(76) അന്തരിച്ചു. അര്‍ബുദ ബാധിത നായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1949 ഫെബ്രുവരി രണ്ടിന് കോട്ടയം ജില്ലയിലെ കല്ലറയിലാണ് ജനനം. 2021 ൽ കേരള സാഹിത്യ അക്കാദമി യുടെ സമഗ്രസംഭാവന പുരസ്‌കാരത്തിനർഹനായിരുന്നു.

ആത്മകഥയായ ദലിതൻ അദ്ദേഹത്തിൻ്റെ ഏറ്റവും ശ്രദ്ധേയമായ കൃതിയാണ്. ബുദ്ധനിലേക്കുള്ള ദൂരം, ദേശീയതക്കൊരു ചരിത്രപദം, കേരളചരിത്രവും സമൂഹരൂപീകരണവും, ഇടതുപക്ഷമില്ലാത്ത കാലം, ദളിത് പാദം, കലാപവും സംസ്‌കാരവും എന്നിവയാണ് അദ്ദേഹത്തിൻ്റെ മറ്റ് കൃതികൾ. 1977-ല്‍ കെഎസ്ആര്‍ടിസിയില്‍ ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിച്ച് 2001-ല്‍ സീനിയര്‍ അസിസ്റ്റന്‍റായാണ് വിരമിച്ചത്.. ആനുകാലികങ്ങളിലും ചാനൽ ചർച്ചകളിലും ദളിത്പക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ച് ശ്രദ്ധേയമായ പരാമർശങ്ങളും നടത്തി സജീവമായിരുന്നു. കേരളത്തിലെ ദളിത് പോരാട്ടങ്ങൾക്ക് വേണ്ടി ഏറെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയിരുന്ന ആളാണ് കെ കെ കൊച്ച്. എഴുത്തുകാരനായും ചിന്തകനായും മികച്ച പ്രാസംഗികനായും സമൂഹത്തിൽ വലിയ ഇടപെടലുകൾ നടത്തിയിരുന്നു.
അടിയന്തരാവസ്ഥക്കാലത്ത് ആറ് മാസം ഒളിവ് ജീവിതം നയിച്ച വ്യക്തിയാണ്. കമ്മ്യൂണിസ്റ്റ് യുവജന വേദി, ജനകീയ തൊഴിലാളി യൂണിയന്‍, മനുഷ്യാവകാശ സമിതി എന്നിവയ്ക്ക് നേതൃത്വം നല്‍കിയി രുന്ന കെകെ കൊച്ച് 1986 ല്‍ സീഡിയന്‍ സംഘടനയുടെ കേന്ദ്രകമ്മിറ്റിയംഗവും സീഡിയന്‍ വാരികയുടെ പത്രാധിപരുമായിരുന്നു.
കെ.കെ കൊച്ചിന്‍റെ മൃതദേഹം അല്‍പ്പ സമയത്തിനകം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് കടുത്തുരുത്തിയിലെ വീട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. നാളെ 11 മണി മുതൽ കടുത്തുരുത്തി കമ്മ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിന് വയ്ക്കും.സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് കടുത്തുരുത്തിയിലെ വസതിയില്‍ നടക്കും. 1971-ല്‍ മാതൃഭൂമി ആഴ്‌ചപ്പതിപ്പ് കോളജ് വിദ്യാര്‍ഥി കള്‍ക്കു വേണ്ടി നടത്തിയ സാഹിത്യമത്സരത്തില്‍ നാടകരചനയ്ക്ക് രണ്ടാം സമ്മാനം നേടിയിരുന്നു.