ചെറുപ്പക്കാരുടെ ആത്മവിശ്വാസം കെടുത്തുന്ന ഒന്നാണ് അകാലനര. സ്ട്രെസും പാരമ്പര്യവുമെല്ലാം ഇത്തരത്തിൽ മുടി നരയ്‌ക്കുന്നതിന് കാരണമാണ്. മുടി വെളുത്തതോടെ വയസാകുകയാണോ എന്ന വിഷമം ബാധിച്ചവരും നിരവധി നമ്മുടെ സമൂഹത്തിലുണ്ട്. അകാലനര പ്രശ്‌നം അകറ്റാൻ ഏറ്റവും നല്ലത് നൈസർഗികമായ വഴികളാണ്. ഏതൊരു വീട്ടിലും പരിസരത്തുമുള്ള വസ്‌തുക്കൾ കൊണ്ട് നാച്ചുറൽ ഹെയർ ഡൈ തയ്യാറാക്കി അകാലനര അകറ്റാം.

നമ്മുടെയെല്ലാം വീട്ടിൽ തേങ്ങ ഉപയോഗിച്ച ശേഷം കളയുന്ന ചിരട്ട നന്നായി നരയെ അകറ്റുന്ന ഒരു വസ്‌തുവാണെന്നറിയാമോ? ഒപ്പം ഈ വസ്‌തുക്കൾ കൂടി ചേർക്കണം. അവ ഏതെല്ലാമെന്ന് നോക്കാം, കർപ്പൂരം, അടുക്കളയിലുളള തേയിലപ്പൊടി, നീലയമരി, നെല്ലിക്കാപ്പൊടി എന്നിവയാണവ. ചിരട്ടയും കർപ്പൂരവും ചേർത്ത് കത്തിച്ച് കരിയുണ്ടാക്കിയെടുക്കണം ആദ്യം. ഇത് ചൂടാറിയ ശേഷം നീലയമരിപ്പൊടിയും നെല്ലിക്കാപ്പൊടിയും മൈലാഞ്ചിപ്പൊടിയും ഒരു ഇരുമ്പ് ചീനച്ചട്ടിയിലിട്ട് യോജിപ്പിക്കുക.

രണ്ട് ടീസ്‌പൂൺ തേയിലപ്പൊടിയിട്ട് തിളപ്പിച്ച വെള്ളവും ഇതിലേക്ക് ചേർത്ത് ഇളക്കുക. ഇനി വെള്ളം ചേർത്ത് അൽപം ഉപ്പും ചേർത്ത് യോജിപ്പിച്ച് ഒരുദിവസം വയ്‌ക്കണം. ഇനി പിറ്റേന്ന് ഈ മിശ്രിതം തലയിൽ നന്നായി തേച്ചുപിടിപ്പിക്കുക. ഏതാണ്ട് ഒരുമണിക്കൂറിന് ശേഷം കഴുകിക്കളയണം. ഈ ഡൈ കഴുകിക്കളയാൻ ഷാമ്പുവോ ഒന്നും ഉപയോഗിക്കരുത്. തുടർച്ചയായി ഉപയോഗത്തിൽ തലയിൽ കറുപ്പ് നിറത്തിൽ മുടിയാകുന്നത് അനുഭവപ്പെടുന്നത് കാണാം.