
ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മന്ത്രി സജി ചെറിയാന്‍. വെള്ളാപ്പള്ളിയെ ജനങ്ങള്‍ക്കറിയാമെന്നും മലപ്പുറത്തിനെതിരെയുള്ള അദ്ദേഹത്തിന്റെ പ്രസ്താവനയെ മറ്റൊരു രീതിയില്‍ കാണേണ്ടെന്നും മന്ത്രി പറഞ്ഞു.
വിദ്വേഷപരാമര്‍ശം നടത്തിയ പശ്ചാത്തലത്തില്‍ ഇനി വെള്ളാപ്പള്ളിക്ക് സ്വീകരണമൊരുക്കുന്ന പരി പാടിയില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തോടായിരുന്നു മന്ത്രിയുടെ പുകഴ്ത്തല്‍ മറുപടി. ‘വെള്ളാപ്പള്ളി ആരാണെന്ന് ഈ നാട്ടിലെ ജനങ്ങള്‍ക്കറിയാം. അദ്ദേഹത്തിന്റെ ഒരു പരിപാടിക്ക് പോവുന്നതുകൊണ്ട് എന്തെങ്കിലും രാജ്യവിരുദ്ധത ഉണ്ടെന്ന ധാരണയും തനിക്കില്ല. ഈ പരിപാടി മാറ്റേണ്ട കാര്യമില്ല. അത് അതിന്റെ വഴിക്കുവഴിയേ പോകട്ടെ. പരാമര്‍ശത്തില്‍ പാര്‍ട്ടിയുടെ അഭിപ്രായം സെക്രട്ടറി പറയും.’ ഏപ്രില്‍ പതിനൊന്നിന് ആലപ്പുഴയില്‍ നടക്കുന്ന വെള്ളാപ്പള്ളിയുടെ സ്വീകരണച്ചടങ്ങില്‍ താന്‍ പങ്കെടുക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു.
എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് 30 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി പ്രാദേശിക എസ്എന്‍ഡിപി യോഗം നടത്തുന്ന സ്വീകരണ പരിപാടിയിലാണ് സജി ചെറിയാന്‍ പങ്കെടുക്കുന്നത്. ഇതിനെതിരെ പരക്കെ വിമര്‍ശനം ഉയര്‍ന്നിരുന്നു. സജി ചെറിയാന് പുറമേ മന്ത്രിമാരായ പി. പ്രസാദ്, പി. രാജീവ്, വി.എന്‍ വാസവന്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.