തൃശ്ശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷ് തന്റെ രണ്ടാമത്തെ നോവല്‍ പ്രസിദ്ധീകരിക്കാന്‍ അനുമതി തേടി നിരാഹാരസമരത്തിനൊരുങ്ങുന്നു. മാര്‍ച്ച് രണ്ടുമുതല്‍ നിരാഹാര സമരം ആരംഭിക്കും. അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ആര്‍ഇസി വിദ്യാര്‍ഥി രാജന്റെ രക്തസാക്ഷിദിനമായതിനാലാണ് മാര്‍ച്ച് രണ്ട് എന്ന തീയതി തെരഞ്ഞെടുത്തതെന്ന് രൂപേഷിന്റെ ഭാര്യ പിഎ ഷൈന പറഞ്ഞു.

‘ബന്ധിതരുടെ ഓര്‍മകുറിപ്പുകള്‍’ എന്ന നോവല്‍ പ്രസിദ്ധീകരിക്കാന്‍ രൂപേഷ് ജയില്‍ അധികൃതരുടെ അനുമതി തേടിയിരുന്നു. എന്നാല്‍ നോവലില്‍ യുഎപിഎ, ജയില്‍ എന്നിവയെ സംബന്ധിച്ചുള്ള പരാമ ര്‍ശം ഉള്ളതിനാല്‍ അനുമതി നല്‍കാനാവില്ലെന്ന് അവര്‍ വാക്കാല്‍ അറിയിച്ചെന്നും ഷൈന പറഞ്ഞു. നോവലില്‍ ഇത്തരം പരാമര്‍ശങ്ങളില്ലെന്നും രാജ്യത്ത് നിലനില്‍ക്കുന്ന വ്യവസ്ഥകള്‍ക്കെതിരായ വിമര്‍ ശനമാണെന്നും ഷൈന പറഞ്ഞു. നോവലിന്റെ കൈയെഴുത്ത് പ്രതി ചില പ്രമുഖ എഴുത്തുകാര്‍ക്ക് കൈമാറിയതായും ഷൈന പറഞ്ഞു.
2015ല്‍ ജയിലില്‍ ഇരിക്കെയാണ് രൂപേഷ് എംഎ പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ തത്വശാസ്ത്രത്തല്‍ പിജി ചെയ്യകയാണ്. മൊബൈല്‍ റിപ്പയറിങ്, ഓട്ടോമൊബൈല്‍, ബേക്കിങ് എന്നിവയില്‍ ഹ്രസ്വകാല കോഴ്സു കള്‍ പൂര്‍ത്തിയാക്കി. ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകളിലും പങ്കെടുത്തിട്ടുണ്ട്, ജയില്‍ റേഡിയോയിലും ഷോര്‍ട്ട് ഫിലിമുകളിലും സജീവമാണെന്നും ഷൈന പറഞ്ഞു.
2013 ല്‍ ഒളിവിലിരിക്കെ രൂപേഷ് എഴുതിയ ആദ്യത്തെ നോവലായ വസന്തത്തിന്റെ പൂമരങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു. 2015 മെയ് 4 ന് കോയമ്പത്തൂരില്‍ വെച്ച് ഷൈനയ്ക്കും മറ്റ് മൂന്നുപേര്‍ക്കുമൊപ്പം രൂപേഷും അറസ്റ്റിലായത്. രൂപേഷ് ഒഴികെയുള്ളവരെയെല്ലാം വിട്ടയച്ചു. രൂപേഷിനെതിരെ 43 കേസുകളാണ് ഉള്ളത്.