
പെരുമ്പാവൂർ: എല്ലാ വർഷവും റമദാനോട് അനുബന്ധിച്ച് പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ റിയാദ്, നാട്ടിൽ നടത്തി വരുന്ന ജീവ കാരുണ്യ പ്രവർത്തനത്തിൻറെ ഭാഗമായി ഈ വർഷത്തെ ചാരിറ്റി പിപിഎആർ സാന്ത്വന സ്പർശം 2025 എന്ന പേരിൽ നിർദ്ധനരായ 94 രോഗികൾക്കുള്ള ചികിത്സാ സഹായം വിതരണം ചെയ്തു.
പെരുമ്പാവൂർ ഫ്ളോറ റെസിഡൻസിയിൽ വച്ച് ചേർന്ന ചടങ്ങിൽ, സംഘടനയുടെ രക്ഷാധികാരി കരീം കാനാമ്പുറം അധ്യക്ഷത വഹിച്ചു. പെരുമ്പാവൂർ MLA അഡ്വ: എൽദോസ് കുന്നപ്പിള്ളി യോഗം ഉൽഘാടനം ചെയ്തു. പ്രവാസികൾ ചെയ്യുന്ന ഇത് പോലെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ മറ്റുള്ളവർക്ക് പ്രചോദന മാണെന്ന് എൽദോസ് കുന്നപ്പിള്ളി അഭിപ്രായപ്പെട്ടു.
സംഘടനയുടെ റിലീഫ് പ്രവർത്തനങ്ങളെ കുറിച്ച് പ്രോഗ്രാം കൺവീനർ അലി വാരിയത്ത് യോഗത്തെ അറിയിച്ചു. ചടങ്ങിൽ വച്ച് സംഘടനാ ഭാരവാഹികളായ അൻവർ മുഹമ്മദും കുഞ്ഞുമുഹമ്മദ് ചുള്ളി ക്കാടനും ചേർന്ന് ജീവ കാരുണ്യത്തിൻറെ ഫണ്ട് അഡ്വ: എൽദോസ് കുന്നപ്പിള്ളിക്ക് കൈ മാറി. സമുഹ ത്തോടുള്ള സഹാനുഭൂതിയും കടപ്പാടും ഉത്തരവാദിത്ത്വവുമാണ് ഇത്തരം ചടങ്ങുകൾ വിളിച്ചോതുന്ന തെന്ന് ചടങ്ങിൽ പങ്കെടുത്ത ബെന്നി ബെഹനാൻ MP അഭിപ്രായപ്പെട്ടു. സംഘടനയുടെ ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഏകോപനത്തിലുള്ള മികവിനുള്ള പ്രത്യേക പുരസ്കാരമായ മെമൻറോ ബെന്നി ബഹനാൻ MP പ്രോഗ്രാം കൺവീനർ അലി വാരിയത്തിന് നൽകി ആദരിച്ചു.
വിശിഷ്ടാതിഥികൾ ആയിരുന്ന നെല്ലിക്കുഴി പീസ് വാലി ചെയർമാൻ പി.എം അബൂബക്കർ, മുടിക്കൽ തണൽ പെയിൻ & പാലിയേറ്റീവ് ഡയറക്ടർ കെ ഇ ഹിലാൽ എന്നിവർ അവരുടെ അനുഭവങ്ങൾ സദസ്സു മായി പങ്കു വച്ചു. മുൻ പ്രവാസിയും വെങ്ങോല പഞ്ചായത്ത് മെമ്പറുമായ സുബൈർ, സംഘടനയുടെ ട്രഷറർ അൻവർ മുഹമ്മദ്, മുൻ പ്രസിഡൻറുമാരായ അലി ആലുവ, റഹീം കൊപ്പറമ്പിൽ, നസീർ കുമ്പശ്ശേരി, മുൻ മീഡിയ കൺവീനർ ഫരീദ് ജാസ് എന്നിവർ ആശംസകൾ നേർന്നു.
സംഘടനയുടെ പ്രസിഡൻറ് മുഹമ്മദാലി മരോട്ടിക്കൽ, സെക്രട്ടറി മുജീബ് മൂലയിൽ, ജീവ കാരുണ്യ കൺവീനർ ഉസ്മാൻ പരീത്, പ്രോഗ്രാം ജോയിൻറ് കൺവീനർ തൻസിൽ ജബ്ബാർ, വൈസ് പ്രസിഡൻറ് നൗഷാദ് പള്ളത്ത് എന്നിവരുടെ നേത്രത്വത്തിൽ റിയാദിലെ സംഘടനയുടെ മെമ്പർമാരിൽ നിന്ന് സ്വരൂപിച്ച ഫണ്ടും സംഘടനയിൽ നിന്നുള്ള വിഹിതവും ഉൾപ്പെടെ മൊത്തം അഞ്ചു ലക്ഷത്തോളം രൂപയാണ് ഈ ചാരിറ്റിയുടെ ഭാഗമായി 94 പേർക്ക് നൽകിയത്.