പ്ളാസ്റ്റിക്  കയർ  കഴുത്തിൽ, ചുണ്ടിന് നീല നിറം’; നവീൻ ബാബുവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്


പത്തനംതിട്ട: കണ്ണൂർ‌ മുൻ എഡിഎം നവീൻ ബാബുവിന്റേത് തൂങ്ങിമരണമാണെന്ന് വ്യക്തമാക്കുന്ന വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. നവീൻ ബാബുവിന്റെ ശരീരത്തിൽ പരിക്കുകൾ ഇല്ലായിരുന്നുവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.ഒക്‌ടോബർ 15ന് ഉച്ചയ്ക്ക് 12.40നും 1.50നും ഇടയിലാണ് പോസ്റ്റുമോർട്ടം നടന്നത്.

തലയോട്ടിക്ക് പരിക്കില്ല. വാരിയെല്ലുകൾക്ക് ക്ഷതമില്ല. ഇടത് ശ്വാസകോശത്തിന്റെ മുകൾഭാഗം നെഞ്ചിന്റെ ഭിത്തിയോട് ചേർന്ന നിലയിലാണ്. പേശികൾക്കും പ്രധാന രക്തക്കുഴലുകൾക്കും പരിക്കില്ല. തരുണാസ്ഥി, കശേരുക്കൾ എന്നിവയ്ക്കും പരിക്കില്ല. അന്നനാളം സാധാരണ നിലയിലായിരുന്നു. കണ്ണുകൾ അടഞ്ഞിരിക്കുകയായിരുന്നു. മൂക്ക്, വായ, ചെവി എന്നിവയ്ക്ക് പരിക്കില്ലായിരുന്നു. ചുണ്ടുകൾ നീല നിറത്തിലായിരുന്നു. പല്ലുകൾക്കും മോണകൾക്കും കേടില്ല. നാവ് കടിച്ചിരുന്നു. വിരലിലെ നഖങ്ങൾക്ക് നീല നിറമായിരുന്നു. ശരീരം അഴുകിയതിന്റെ ലക്ഷണമില്ല. വയറും മൂത്രാശയവും ശൂന്യമായിരുന്നു. സുഷുമ‌്ന നാഡിക്ക് പരിക്കില്ല. മൃതദേഹം തണുത്ത അറയിൽ സൂക്ഷിച്ചിരുന്നില്ല.

0.5 സെന്റിമീറ്റർ വ്യാസമുള്ള മഞ്ഞ കലർന്ന നിറത്തിലെ പ്ളാസ്റ്റിക് കയർ കഴുത്തിൽ കെട്ടിയിരുന്നു. കയറിന്റെ നീണ്ട ഭാഗത്തിന് 103 സെന്റിമീറ്റർ നീളമുണ്ടായിരുന്നു. കയറിന് 30 മീറ്റർ നീളമുള്ള സ്വതന്ത്ര ഭാഗവും ഉണ്ടായിരുന്നു. കഴുത്തിന് ചുറ്റുമുള്ള കയറിന്റെ ഭാഗത്ത് 22 സെന്റിമീറ്റർ നീളമാണ് ഉണ്ടായി രുന്നത്. അതേസമയം, ആന്തരികാവയവങ്ങൾ രാസ പരിശോധനയ്ക്ക് അയച്ചിട്ടില്ല. ആന്തരികാവ യവങ്ങൾ രാസ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ടോയെന്നത് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നില്ല.

നവീന്റെ മരണത്തിൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം നടത്തണ മെന്നും ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. നവീൻ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന സംശയമുണ്ടെന്നും മരണത്തിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ പങ്കിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തിയില്ലെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.

നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം ഹൈക്കോടതി നിർദ്ദേശിച്ചാൽ ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു. അന്വേഷണത്തിന് തയ്യാറാ ണോയെന്ന് കോടതി ചോദിച്ചപ്പോഴായിരുന്നു മറുപടി. അതേസമയം സിബിഐ അന്വേഷണത്തെ സംസ്ഥാന സ‌ർക്കാർ എതിർത്തു. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും വാദിച്ചു. കേസ് ഡയറി പരിശോധിച്ചശേഷം ഇക്കാര്യത്തിൽ വിശദമായ വാദം കേൾക്കാമെന്ന് കോടതി വ്യക്തമാക്കി. വിഷയം 12ന് വീണ്ടും പരിഗണിക്കും.


Read Previous

ഹേമ കമ്മിറ്റി റിപ്പോർട്ട്: ഒരു പരാതി കൂടി കിട്ടി, ഒഴിവാക്കിയ ഭാഗം പുറത്തുവിടുന്നതിൽ ഇന്ന് ഉത്തരവില്ല

Read Next

പൗരന്മാർ എത്രയും വേഗം സിറിയ വിടണം, യാത്രകൾ അരുത്’; അടിയന്തര നിർ‌ദേശവുമായി ഇന്ത്യ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »