
കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി പ്രതി ചേർക്കപ്പെട്ട മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പിപി ദിവ്യ സിപിഎം വേദികളിൽ സജീവ മാകുന്നു. അഞ്ചു കോടി ചെലവിൽ കണ്ണൂർ തളാപ്പിൽ പണിത ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി ഓഫിസായ സുശീലാ ഗോപാലൻ സ്മാരക മന്ദിരത്തിൻ്റെ ഉദ്ഘാടനത്തിനാണ് ദിവ്യയെ ത്തിയത്.
ഉദ്ഘാടനത്തിന് ശേഷം കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ നടന്ന പൊതുസമ്മേളനം സിപിഎം പിബി അംഗം വൃന്ദ കാരാട്ടാണ് ഉദ്ഘാടനം ചെയ്തത്. ഈ വേദിയിലാണ് പ്രമുഖ നേതാക്കൾക്കൊപ്പം ആശംസാ പ്രാസംഗികമായി ക്ഷണിക്കപ്പെട്ട അതിഥിയായി പിപി ദിവ്യയുമെത്തിയത്. പികെ ശ്രീമതി, കെകെ ശൈലജ എംഎൽഎ, സിഎസ് സുജാത, സൂസൻ കോടി, അഡ്വ സതീദേവി, പി കെ ശ്യാമള ടീച്ചർ, എൻ സുകന്യ തുടങ്ങിയ നേതാക്കൾ പരിപാടിയിൽ പങ്കെടുത്തിരുന്നു.
നവീൻ ബാബുവിൻ്റെ മരണത്തിൽ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് പ്രതി ചേർക്കപ്പെട്ട പിപി ദിവ്യയെ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു. കഴിഞ്ഞ മാസം തളിപ റമ്പിൽ നടന്ന സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ പിപി ദിവ്യയെ ജില്ലാ കമ്മിറ്റി അംഗത്വത്തിൽ തിരിച്ചെടുത്തിരുന്നില്ല.
സിപിഎം ജില്ലാ കമ്മിറ്റി അംഗത്വത്തിൽ നിന്നും വർഗബഹുജന സംഘടന ഭാരവാഹിത്വത്തിൽ നിന്നും പിപി ദിവ്യയെ കേസിലെ പ്രതിയായതിനെ തുടർന്ന് ഒഴിവാക്കി ഇരിണാവ് ബ്രാഞ്ചിലേക്ക് സിപിഎം തരംതാഴ്ത്തിയിരുന്നു. എന്നാൽ ദിവ്യ കണ്ണൂർ വനിതാ ജയിലിൽ റിമാൻഡിൽ കഴിയവെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ ഭാര്യയും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവു മായ പി കെ ശ്യാമള ഉൾപ്പെടെയുള്ള നേതാക്കൾ സന്ദർശിച്ചത് വിവാദമായിരുന്നു.