പിപി ദിവ്യ ഭർത്താവിൻ്റെയും ബിനാമികളുടെയും പേരിൽ സ്ഥലങ്ങൾ വാങ്ങി’; തെളിവുകൾ പുറത്തുവിട്ട് കെഎസ്‌യു


കണ്ണൂർ: ഭർത്താവിൻ്റെയും ബിനാമികളുടെയും പേരിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ സ്ഥലങ്ങൾ വാങ്ങിക്കൂട്ടിയെന്ന് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡൻ്റ് പി മുഹമ്മദ് ഷമ്മാസ്. തെളിവുകൾ പുറത്തുവിട്ടുകൊണ്ടാണ് ഷമ്മാസ് ആരോപണം ഉന്നയിച്ചത്. ഫെബ്രുവരി ആദ്യ വാരം സിപിഎം സമ്മേളനങ്ങൾ നടക്കാനിരിക്കെയാണ് പിപി ദിവ്യയ്‌ക്കെതിരെയുള്ള ആരോപണങ്ങൾ പുറത്ത് വരുന്നത്. പി പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരിക്കെ നടത്തിയ അഴിമതികളുടെയും ബിനാമി സ്വത്തുക്കളുടെയും രേഖകളാണ് തങ്ങൾ പുറത്തുവിടുന്നതെന്ന് മുഹമ്മദ് ഷമ്മാസ് പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരിക്കുമ്പോൾ കോടിക്കണക്കിന് രൂപയുടെ കരാറുകൾ നൽകിയത് സ്വന്തം ബിനാമി കമ്പനിക്ക് ആണെന്നും കമ്പനി ഉടമയായ ബിനാമിയുടേയും പിപി ദിവ്യയുടെ ഭർത്താവിൻ്റെയും പേരിൽ ഏക്കർ കണക്കിന് സ്ഥലങ്ങൾ വാങ്ങിക്കൂട്ടിയെന്നും ഷമ്മാസ് ആരോപിക്കുന്നു. കണ്ണൂരിലെ പ്രമുഖ ടൂറിസ്‌റ്റ് കേന്ദ്രമായ പാലക്കയം തട്ടിൽ ബിനാമി കമ്പനിയുടെ എംഡിയും പിപി ദിവ്യയുടെ നാട്ടുകാരനുമായ മുഹമ്മദ് ആസിഫിൻ്റെയും ദിവ്യയുടെ ഭർത്താവ് വിപി അജിത്തിൻ്റെയും പേരിൽ വാങ്ങിയത് നാലേക്കറോളം ഭൂമിയാണ്.ഇരുവരുടെയും പേരിൽ സ്ഥലം രജിസ്‌റ്റർ ചെയ്‌ത രേഖകൾ സഹിതമാണ് മുഹമ്മദ് ഷമ്മാസ് ബിനാമി ഇടപാടിൻ്റെ തെളിവുകൾ പുറത്തുവിട്ടത്.

അനധികൃതമായി സ്വന്തം ബിനാമി കമ്പനിക്ക് ജില്ലാ പഞ്ചായത്ത് പദ്ധതികളുടെ കോടിക്കണക്കിന് രൂപയുടെ കരാർ നൽകിയതിൻ്റെ രേഖകളും ഷമ്മാസ് പുറത്തുവിട്ടു. 11 കോടിയോളം രൂപയാണ് രണ്ട് വർഷത്തിനിടയിൽ പ്രീ ഫാബ്രിക്കേറ്റ് ടോയ്‌ലറ്റ് നിർമാണങ്ങൾക്ക് മാത്രമായി കാർട്ടൺ ഇന്ത്യ അലൈൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ബിനാമി കമ്പനിക്ക് നൽകിയത്. ഇതിന് പുറമെ പടിയൂർ എബിസി കേന്ദ്രത്തിൻ്റെ 76 ലക്ഷം രൂപയുടെ നിർമാണ കരാറും ഈ കമ്പനിക്ക് തന്നെയായിരുന്നു. പി പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായതിന് ശേഷം 2021 ഓഗസ്‌റ്റ് ഒന്നിനാണ് ബിനാമി കമ്പനി രൂപീകരിച്ചതെന്നും മുഹമ്മദ് ഷമ്മാസ് അരോപിച്ചു.

പി പി ദിവ്യ ജില്ലാ പഞ്ചായത്തിന് പകരം തിരുട്ട് ഗ്രാമത്തിൻ്റെ പ്രൊവിഡൻ്റ് ആവേണ്ടിയിരുന്നയാളാ ണെന്നും അഴിമതിയുടെ ബ്രാൻഡ് അംബാസിഡർ ആക്കാൻ പറ്റിയ ആളാണ് പിപി ദിവ്യ എന്ന് പകൽ പോലെ ഇതിലൂടെ വ്യക്തമാവുകയാണെന്നും മുഹമ്മദ് ഷമ്മാസ് പരിഹസിച്ചു. പിപി ദിവ്യയുടെ ഉറ്റ സുഹൃത്തും കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമായ പിപി ഷാജിറിനും ഈ ബിനാമി ഇടപാടുകളിൽ വലിയ പങ്കുണ്ടെന്നും ബ്ലോക്ക് പഞ്ചായത്തിൻ്റെ നിർമാണ പ്രവൃത്തികളുടെ കരാറുകളും ഈ ബിനാമി കമ്പനിക്ക് ലഭിച്ചിട്ടുണ്ടെന്നും പൊതുമുതൽ കൊള്ളയടിക്കുന്നതിൽ വീരപ്പനെപ്പോലും പിപി ദിവ്യയും കൂട്ടാളികളും നാണിപ്പിക്കുകയാണെന്ന് പി മുഹമ്മദ് ഷമ്മാസ് കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പിപി ദിവ്യയുടെ അഴിമതികളുടെയും ബിനാമി കൂട്ടുകെട്ടുകളുടെയും അനധികൃത സ്വത്ത് സമ്പാദന ത്തിൻ്റെയും കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുമെന്നും ഷമ്മാസ് കൂട്ടിച്ചേർത്തു. എന്നാൽ ഷമ്മാസിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നാണ് പിപി ദിവ്യ അറിയിച്ചിരിക്കുന്നത്.


Read Previous

വിഷം ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറിയിൽ നിന്നും സ്നേഹത്തിന്റെ കടയിലേക്ക് വന്നതിൽ ഏറെ സന്തോഷം: സന്ദീപ് വാര്യർ

Read Next

അധികാരം നിലനിർത്താൻ സിപിഎം വർഗീയ ചേരിതിരിവിന് ശ്രമിക്കുന്നു: ഷാഫി ചാലിയം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »