വയനാട് മാനന്തവാടി പടമലയില്‍ വീട്ടുമുറ്റത്ത് കയറി ഒരാളെ ചവിട്ടിക്കൊന്ന കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാന്‍ ഉത്തരവിറക്കി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റേതാണ് ഉത്തരവ്. ആനയെ പിടികൂടി കാട്ടിലേക്ക് വിടാനാണ് നിര്‍ദ്ദേശം. ഇതിനായി മുത്തങ്ങയില്‍ നിന്ന് കുങ്കിയാനകളെ അടക്കം എത്തിക്കും. കര്‍ണാടക വനംവകുപ്പ് റേഡിയോ കോളര്‍ ഘടിപ്പിച്ച് വിട്ട ആനയാണ് ആക്രമണം നടത്തിയത്.

ഭയന്നോടിയ പടമല സ്വദേശി അജീഷിനെ ആന ചവിട്ടിക്കൊല്ലുകയായിരുന്നു. ഇന്നലെ മുതല്‍ ജനവാസമേഖലയിലുള്ള ആനയെ മാറ്റാന്‍ നടപടിയെടുത്തില്ലെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധം തുടരുകയാണ്. വനം വകുപ്പിന് കൃത്യമായി അറിവുണ്ടായിട്ടും ആനയെ ട്രാക്ക് ചെയ്യാനായി ഒന്നും ചെയ്തില്ലെന്ന് നാട്ടുകാര്‍ പറയുന്നു. അതേസമയം 5 ലക്ഷം രൂപ നഷ്ടപരിഹാരം ഉടന്‍ നല്‍കാമെന്നും മരിച്ച അജിയുടെ കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി നല്‍കാമെന്നുമുള്ള കളക്ടറുടെ നിര്‍ദ്ദേശം നാട്ടുകാരും കുടുംബവും തള്ളി.
ഇന്ന് പുലര്‍ച്ചെ നാലര മണിയോടെയാണ് താന്നിക്കല്‍ മേഖലയില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാനയെ ആദ്യം കണ്ടത്. 6:30 ഓടെ കുറുക്കന്മൂല ഭാഗത്തെത്തി. 7 മണിയോടെ പടമലയിലെത്തി. ട്രാക്ടർ ഡ്രൈവറായിരുന്നു കൊല്ലപ്പെട്ട ചാലിഗദ്ദ പടമല പനച്ചിയിൽ അജി എന്ന അജീഷ് കുമാർ. രാവിലെ പുല്ലരിയാൻ പോയതായിരുന്നു. ഈ സമയം അജീഷ് കാട്ടാനയ്ക്കു മുന്നിൽപ്പടുകയായിരുന്നു. മുന്നിൽ വന്നുപെട്ട ആനയെ കണ്ട് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടർന്നെത്തി ആക്രമിക്കുക യായിരുന്നു. റോഡില്‍ നിന്ന് ഉയരത്തിലുള്ള മതില്‍ കടന്ന് വീട്ടുമുറ്റത്തെത്തിയ ആന അജീഷിനെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആന ജനവാസമേഖലയില്‍ കയറിയതിന് ഒരു മുന്നറിയിപ്പും വനം വകുപ്പ് നല്‍കിയില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. ആനയെ വെടിവച്ച് കൊല്ലണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
മാനന്തവാടി നഗരസഭയിലെ നാല് താലൂക്കുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരി ക്കുകയാണ്. കുറുക്കന്മൂല, പയ്യമ്പള്ളി, കുറുവ, കാടൻകൊല്ലി എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നോർത്ത് – സൗത്ത് വയനാട് വനം ഡിവിഷനുകൾ അതിരിടുന്ന പ്രദേശമാണ് ചാലിഗദ്ദ. ഇവിടെയാണ് ആന ആക്രമണം നടത്തിയത്. മാസങ്ങൾക്ക് മുമ്പ് ഈ ആന വയനാട് വന്യജീവി സങ്കേതത്തിലും പിന്നീട് സൗത്ത് വയനാട് വനം ഡിവിഷനിലും എത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.