
മലപ്പുറം: ‘അൻവർ കോൺഗ്രസിൽനിന്നും വന്നയാൾ’ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിന് കുറിക്കുകൊള്ളുന്ന മറുപടിയുമായി പി.വി അൻവർ എം.എൽ.എ. താൻ മാത്രമല്ല, ഇ.എം.എസും പഴയ കോൺഗ്രസുകാരനായിരുന്നു വെന്നാണ് അൻവർ തിരിച്ചടിച്ചത്.
അൻവറിന് ഇടതുപക്ഷ പശ്ചാത്തലമില്ലെന്നും കോൺഗ്രസിൽ നിന്നാണ് വന്നതെന്നു മുള്ള മുഖ്യമന്ത്രി പിണറായിയുടെ വാക്കുകൾ മാധ്യമപ്രവർത്തകർ ശ്രദ്ധയിൽ പെടുത്തിയപ്പോഴായിരുന്നു അൻവർ ഇങ്ങനെ പ്രതികരിച്ചത്.
‘മുഖ്യമന്ത്രി പറഞ്ഞത് തീർത്തും ശരിയാണ്. അതിൽ തർക്കിക്കേണ്ടതില്ല. ഞാൻ കോൺഗ്രസിൽനിന്നു തന്നെയാണ് വന്നത്. ഇ.എം.എസ് ആരായിരുന്നു? അദ്ദേഹവും പഴയ കോൺഗ്രസുകാരനായിരുന്നുവെന്നായിരുന്നു’ അൻവറിന്റെ ഓർമപ്പെടുത്തൽ.
മുഖ്യമന്ത്രി ഇന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞ പലതും എ.ഡി.ജി.പി എം.ആർ അജിത്ത്കുമാറിന്റെ അതേ വാദങ്ങളാണ്. താൻ ആരോപണവുമായി രംഗത്തു വന്നപ്പോൾ സ്വർണക്കള്ളക്കടത്തുകാർക്കു വേണ്ടിയെന്നാണ് എ.ഡി.ജി.പി പ്രസ്താവനയിറക്കിയിരുന്നത്. നിങ്ങൾ മാധ്യമങ്ങൾക്ക് അറിയാമല്ലോ. എ.ഡി.ജി.പിയും ശശിയും മുഖ്യമന്ത്രിയെ പൂർണമായും തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി നിലപാട് പുനഃപരിശോധിക്കണം.
പി ശശിയുടെ പ്രവർത്തനം മാതൃകാപരമെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായം തനിക്കില്ല. തന്റെ വീട്ടിലെ കാര്യങ്ങളല്ല പി ശശിയോട് ആവശ്യപ്പെട്ടത്. ഷാജൻ സ്‌കറിയയുടെ അടുത്തുനിന്ന് പണം കൈക്കൂലി വാങ്ങി ജാമ്യം വാങ്ങി നൽകിയത് പി ശശിയും എ.ഡി.ജി.പിയുമാണ്.