
കൊച്ചി: നടി ഹണി റോസിനെ അധിക്ഷേപിച്ച കേസിൽ ആക്ടിവിസ്റ്റ് രാഹുൽ ഈശ്വറിന് തിരിച്ചടി. ഹണി റോസിന്റെ പരാതിയിൽ അറസ്റ്റ് തടയണമെന്ന രാഹുൽ ഈശ്വറിന്റെ വാദം ഹൈക്കോടതി അംഗീകരിച്ചില്ല. രാഹുൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി പൊലീസിന്റെ നിലപാട് തേടി. ഹണി റോസിന്റെ പരാതിയിൽ അറസ്റ്റ് ചെയ്യാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് രാഹുൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.
കേസിൽ പൊലീസ് ഇതുവരെ എഫ്ഐആർ ഇട്ടിട്ടില്ല. ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയതിനെത്തുടർന്ന് സോഷ്യൽ മീഡിയയിലും ചാനൽ ചർച്ചകളിലും അധിക്ഷേപിച്ചെന്നാണ് ഹണിയുടെ പരാതി.പൊലീസ് നിലപാട് തേടിയ ശേഷം അറസ്റ്റ് തടയാനുള്ള നടപടികളിലേക്ക് കടക്കാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. കേസ് 27ാം തീയതി വീണ്ടും പരിഗണിക്കും. കേസിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തില്ലെങ്കിലും വിശദമായ പ്രാഥമിക അന്വേഷണം നടത്തുകയാണ്. അന്വേഷണം പ്രാഥമിക ഘട്ടത്തിലായത് കൊണ്ട് തന്നെ രാഹുൽ ഈശ്വറിന്റെ ആവശ്യം തള്ളണമെന്ന നിലപാടായിരിക്കാം പൊലീസ് സ്വീകരിക്കുക.