
മലപ്പുറം: മലപ്പുറത്ത് കൊണ്ടോട്ടിയിൽ ഒന്നരക്കിലോ എംഡിഎംഎ പിടികൂടി. കൊണ്ടോട്ടി സ്വദേശി യായ ആഷിഖ് എന്നയാളുടെ വീട്ടിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്. വിദേശത്ത് നിന്ന് കാർഗോ വഴി എംഡിഎംഎ എത്തിയെന്നാണ് സൂചന. ഡാൻസാഫ് സംഘം ആഷിഖിന്റെ വീട്ടിലെത്തി പരിശോ ധന നടത്തുകയാണ്. ആഷിഖിന്റെ വീട്ടിലേക്ക് ലഹരി മരുന്നെത്തിയെന്ന രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് 1.5 കിലോ എംഡിഎംഎ പിടികൂടിയത്.
മയക്കുമരുന്ന് കേസിൽ എറണാകുളം മട്ടാഞ്ചേരി പൊലീസിന്റെ കസ്റ്റഡിയിലാണ് ആഷിഖ്. ഇയാളുടെ വീട്ടിൽ നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്. കഴിഞ്ഞ ജനുവരിയിൽ മട്ടാഞ്ചേരി പൊലീസ് നടത്തിയ റെയ്ഡുകളിൽ എംഡിഎംഎ ഉൾപ്പടെ ഒരു യുവതി അടക്കം ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് ഇവർക്ക് എംഡിഎംഎ വിതരണം ചെയ്തിരുന്ന പ്രധാനിയായ ആഷിഖിനെയും പൊലീസ് അറസ്റ്റ് ചെയ്തത്.
ഒമാനിൽ അഞ്ച് വർഷമായി സൂപ്പർമാർക്കറ്റ് ലീസിനെടുത്ത് നടത്തുകയായിരുന്ന ആഷിഖ്. വിദേശത്ത് നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന എംഡിഎംഎയാണ് കൊച്ചി, കരിപ്പൂർ, വിമാനത്താവളങ്ങൾ വഴി കടത്തിയത്. ഭക്ഷ്യവസ്തുക്കൾക്കുള്ളിലും ഫ്ളാസ്‌കുകൾക്കുള്ളിലും ഒളിപ്പിച്ചായിരുന്നു കടത്ത്.തുടർന്ന് ഇയാൾ കേരളത്തിൽ എത്തിയതോടെ മട്ടാഞ്ചേരി പൊലീസ് പിടികൂടുകയായിരുന്നു. ആഷിഖിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് ഇയാളുടെ വീട്ടിൽ എംഡിഎംഎ സൂക്ഷിച്ചിട്ടുണ്ടെന്ന് മനസിലായത്. എയർകാർഗോ വഴിയാണ് ഒന്നരക്കിലോ എംഡിഎംഎ വിദേശത്ത് നിന്ന് കേരളത്തിലേക്ക് കടത്തിയതെന്ന് പൊലീസ് അറിയിച്ചു.