മലയാളികൾ ഏറെ ഇഷ്ടത്തോടെ കഴിക്കുന്ന പ്രഭാതഭക്ഷണങ്ങളാണ് ദോശയും ഇഡ്ഡലിയും. എന്നാൽ അതിനാവശ്യമായ കറിയുണ്ടാക്കാൻ മതിയായ സമയം ലഭിക്കാത്തതുക്കൊണ്ട് മിക്കവരും ദോശയും ഇഡ്ഡലിയും തയ്യാറാക്കാൻ തുനിയാറില്ല. സാധാരണ ദോശയോടൊപ്പം മിക്കവരും മുട്ടക്കറിയും തക്കാളിക്കറിയൊക്കെയായിരിക്കും തയ്യാറാക്കാറുളളത്. ഇഡ്ഡലിയോടൊപ്പമാണെങ്കിൽ സാമ്പാറായിരിക്കും കൂടുതലാളുകളും പാകം ചെയ്യാറുളളത്.
എന്നാൽ ഇനി അധികം സമയം ചെലവഴിക്കാതെ ദോശയോടൊപ്പവും ഇഡ്ഡലിയോടൊപ്പവും രുചിയോടെ കഴിക്കാനായി ഒരു കറി തയ്യാറാക്കാം,വെറും രണ്ട് തക്കാളിയും കുറച്ച് ചേരുവകളും ഉപയോഗിച്ച് കിടിലൻ തക്കാളി ചട്നി വെറും അഞ്ച് മിനിട്ടിനുളളിൽ തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കാം
ചേരുവകൾ
തക്കാളി, വെളുത്തുളളി, ചെറിയ ഉളളി, എണ്ണ, കടുക്, കറിവേപ്പില, ഉപ്പ്,മല്ലിയില, മുളകുപൊടി
തയ്യാറാക്കേണ്ട വിധം
കറി തയ്യാറാക്കാനായി അധികം വലിപ്പമില്ലാത്ത പാത്രമാണ് ഉത്തമം. പാത്രം ചൂടാകുമ്പോൾ അതിലേക്ക് രണ്ട് സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക, എണ്ണ ചൂടായതിനുശേഷം ഒരു ടീസ്‌പൂൺ കടുക് ചേർത്തതിനുശേഷം അതിലേക്ക് അഞ്ച് കഷ്ണം വെളുത്തുളളിയും ഒരു പിടി ചെറിയ ഉളളിയും ചെറിയ കഷ്ണങ്ങളായി മുറിച്ച തക്കാളിയും ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ആവശ്യത്തിന് ഉപ്പും നിങ്ങളുടെ രുചിക്കാവശ്യമായി മുളകുപൊടിയും അൽപ്പം മല്ലിയിലയും ചേർക്കുക. നന്നായി പാകമെത്തിയ ചട്നിയിലേക്ക് കാൽ ടേബിൾ സ്പൂൺ പഞ്ചസാരയും ചേർക്കുക. ശേഷം ദോശയോടൊപ്പമോ അല്ലെങ്കിൽ ഇഡ്ഡലിയോടൊപ്പമോ കഴിക്കാവുന്നതാണ്.
