ശാസ്ത്രജ്ഞര്‍ ദൈവവിശ്വാസികള്‍; ശാസ്ത്രത്തെ രക്ഷിക്കാന്‍ ഒരു അവതാരത്തിന്റെയും ആവശ്യമില്ല’


കോഴിക്കോട്: മിത്ത് വിവാദത്തില്‍ എഎന്‍ ഷംസീറിനെയും സിപിഎമ്മിനെയും പരിഹസിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍. ശാസ്ത്രത്തെ രക്ഷിക്കാന്‍ കേരളത്തില്‍ പ്രത്യേകിച്ച് അവതാരങ്ങളുടെ ആവശ്യമില്ലെന്നും സ്പീക്കര്‍ മര്യാദയ്ക്ക് സഭ നടത്തിയാല്‍ മതിയെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.

തുമ്പയില്‍നിന്ന് റോക്കറ്റ് വിക്ഷേപിക്കുമ്പോള്‍പോലും ഗണപതി ഹോമം നടത്താറുണ്ട്. ശബരിമലയുടെ കാര്യത്തില്‍ മുന്‍പു കൈ പൊള്ളിയ സിപിഎമ്മിന്, ഇനി ഗണപതി യുടെ കാര്യത്തില്‍ കയ്യും മുഖവും പൊള്ളുമെന്ന് മുരളീധരന്‍ മുന്നറിയിപ്പു നല്‍കി. ഭരണ പരാജയം മറച്ചുവയ്ക്കാന്‍, അതിലേക്ക് ഗണപതിയെ വലിച്ചിഴയ്‌ക്കേണ്ട കാര്യമു ണ്ടായിരുന്നില്ലെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

‘എല്ലാ ദൈവങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കണമെന്നുള്ള ആശയമാണ് കോണ്‍ഗ്രസിനുള്ളത്. ശബരിമല വിഷയം വന്നപ്പോഴും ഈ വിഷയം വന്നപ്പോഴും ഭക്തരുടെ വികാരങ്ങള്‍ മാനിക്കണം എന്ന നിലപാടില്‍ പാര്‍ട്ടി ഉറച്ചുനില്‍ക്കുന്നു. പിന്നെ, ശാസ്ത്രവും പുരാണവും തമ്മില്‍ പ്രത്യേകിച്ച് ഇപ്പോള്‍ യാതൊരു യുദ്ധവും നടന്നിട്ടില്ല. ശാസ്ത്രത്തെ രക്ഷിക്കാനായി സ്പീക്കര്‍ വരേണ്ട ആവശ്യവുമില്ല. അദ്ദേഹം മര്യാദയ്ക്ക് സഭ നടത്തിയാല്‍ മതി. അതല്ലാതെ, പുരാണങ്ങളില്‍നിന്ന് ശാസ്ത്രത്തെ രക്ഷിക്കാന്‍ ഇവിടെ ആരും വരേണ്ട കാര്യമില്ല. ശാസ്ത്രജ്ഞന്‍മാര്‍ തന്നെ ദൈവത്തില്‍ വിശ്വസിക്കുന്നവരാണ്. അപ്പോള്‍പ്പിന്നെ ശാസ്ത്രത്തെ രക്ഷിക്കാന്‍ പ്രത്യേകിച്ച് ഒരു അവതാരത്തിന്റെ ആവശ്യം കേരളത്തിലും ഇന്ത്യയിലും ഇല്ല.

ഷംസീര്‍ ഒറ്റക്കാര്യം മാത്രം ചെയ്താല്‍ മതി. ചെയ്ത അബദ്ധം മനസ്സിലാക്കി ക്ഷമ ചോദി ക്കുക. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ്, കാഞ്ഞങ്ങാട്ട് ചില യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചപ്പോള്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കുക മാത്രമല്ല, ഇങ്ങനെയൊരു സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കാന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ കാണിച്ച വിശാലമനസ്‌കതയുടെ പത്തിലൊന്നെങ്കിലും കാണിക്കണ മെന്നാണ് എനിക്ക് ഷംസീറിനോടു പറയാനുള്ളത്. അതാണ് അന്തസുള്ള ഒരു നേതാവ് ചെയ്യേണ്ടത്. അതല്ലാതെ, ഞാന്‍ ശാസ്ത്രത്തെ രക്ഷിക്കാന്‍ വന്ന ഒരു അവതാരമാണ് എന്ന് ഷംസീര്‍ പറഞ്ഞാല്‍, അങ്ങനെയൊരു അവതാരത്തെ ഈ മണ്ണില്‍ ആവശ്യമില്ല” മുരളീധരന്‍ പറഞ്ഞു.

എന്‍എസ്എസ് എല്ലാക്കാലത്തും മതേതര നിലപാട് സ്വീകരിച്ചിട്ടുള്ളവരാണ്. എല്ലാ വര്‍ഷവും മന്നം ജയന്തി നടക്കാറുണ്ട്. അവിടെ ഏതെങ്കിലും ഒരു ആര്‍എസ്എസു കാരനെ സ്റ്റേജില്‍ കയറ്റിയതായി നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഇല്ലല്ലോ? ഹിന്ദു വിശ്വാസങ്ങള്‍ സംരക്ഷിക്കാനും മറ്റു വിശ്വാസങ്ങളെ ബഹുമാനിക്കാനും ശീലിച്ചവരാണ് എന്‍ എസ്എസ്. മന്നത്ത് പത്മനാഭന്റെ കാലം മുതലേ അത് അങ്ങനെയാണ്. ആ പാരമ്പര്യ മാണ് ഇപ്പോള്‍ സെക്രട്ടറി തുടരുന്നത്. അതല്ലാതെ എന്‍എസ്എസിനെ വര്‍ഗീയമായി ചിത്രീകരിക്കാന്‍ നോക്കിയാല്‍ ആ പരിപ്പ് ഇവിടെ വേവില്ല.

മാത്രമല്ല, വിശ്വാസികളെ സംരക്ഷിക്കാന്‍ വരുമ്പോള്‍ അമ്പലത്തില്‍ പോയാലും കുറി തൊട്ടാലും ആര്‍എസ്എസ് ആണെന്നു പറയുമ്പോള്‍, ആര്‍എസ്എസിന് ഇല്ലാത്ത വേദി ഉണ്ടാക്കി കൊടുക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഭരണ പരാജയം മറച്ചു വയ്ക്കാന്‍ ഗണപതിയെ വലിച്ചിഴയ്‌ക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. കാരണം, എല്ലാ ദിവസവും ഓരോ വകുപ്പിനെക്കുറിച്ചും പരാതി ഉയരുമ്പോള്‍, അതിനെല്ലാം മറയിടാന്‍ ഒരു മിത്തു മായിട്ട് ഇപ്പോള്‍ ഇറങ്ങിയിരിക്കുകയാണ്. ശബരിമലയുടെ കാര്യത്തില്‍ കൈ പൊള്ളി യതാണ്. ഇനി ഗണപതിയുടെ കാര്യത്തില്‍ കയ്യും പൊള്ളും, മുഖവും പൊള്ളും. അതു മാത്രമേ സിപിഎമ്മിനോടു പറയാനുള്ളൂവെന്നും മുരളീധരന്‍ പറഞ്ഞു.


Read Previous

ഹൈവേ വികസനം; നിതിൻ ഗഡ്‌കരിയുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി

Read Next

കേളി വിദ്യാഭ്യാസ പുരസ്കാരം (KEIA ) 2022 – 23 തൃശ്ശൂർ ജില്ലയിൽ വിതരണം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »