
കോഴിക്കോട്: താമരശേരി ഷഹബാസ് കൊലക്കേസിൽ കുറ്റാരോപിതരായ ആറ് വിദ്യാർത്ഥികളുടെയും എസ്‌എസ്‌എൽസി ഫലം പ്രസിദ്ധീകരിച്ചില്ല. ഇവർ കേസിൽ പ്രതികളായ സാഹചര്യത്തിലാണ് എസ്‌എസ്‌എൽസി പരീക്ഷാ ഫലം തടഞ്ഞുവച്ചിരിക്കുന്നത്. നേരത്തേ ഇവരെ എസ്‌എസ്‌എൽസി പരീക്ഷ എഴുതാൻ അനുവദിച്ചത് വലിയ വിവാദം സൃഷ്‌ടിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലടക്കം വിദ്യാർത്ഥി – യുവജന സംഘടനകൾ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.
ദിവസങ്ങൾക്ക് മുമ്പാണ് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. വിദ്യാർത്ഥികൾ പുറത്തിറങ്ങിയാൽ സുരക്ഷാ ഭീഷണിയുണ്ടാകുമെന്നും ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്നും വ്യക്തമാക്കിയാണ് ജാമ്യഹർജി തള്ളിയത്. പ്രതികൾക്കെതിരായ ആരോപണങ്ങൾ ഗൗരവകരമാണെന്നും കോടതി മുമ്പ് നിരീക്ഷിച്ചിരുന്നു. ഇവർ നിലവിൽ വെള്ളിമാടുകുന്ന് ഒബ്‌സർവേഷൻ ഹോമിലാണ്. ജാമ്യാപേക്ഷ നേരത്തേ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയും ജുവനൈൽ ജസ്റ്റിസ് ബോർഡും തള്ളിയിരുന്നു.
ഫെബ്രുവരി 28നാണ് വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന താമരശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകൻ മുഹമ്മദ് ഷഹബാസ് (15) മരിച്ചത്. താമരശേരി എംജെ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്നു മുഹമ്മദ് ഷഹബാസ്. താമരശേരി ജിവിഎച്ച്എസ്എസിലെ ആറ് വിദ്യാർത്ഥികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.