പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കൊണ്ടിട്ട സംഭവം; പ്രതികൾ അറസ്റ്റിൽ; പിടിയിലായത് കൊല്ലം സ്വദേശികൾ


കൊല്ലം: കുണ്ടറയിൽ റെയിൽ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് വെച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. കുണ്ടറ സ്വദേശികളായ രാജേഷ്, അരുൺ എന്നിവരാണ് പിടിയിലായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായതെന്നാണ് വിവരം. നേരത്തെ തന്നെ ക്രിമിനൽ പശ്ചാത്തലമുള്ള ആളുകളാണ് ഇരുവരുമെന്നാണ് വിവരം.

കേസിൽ നിർണായക അറസ്റ്റാണ് ഉണ്ടായിരിക്കുന്നത്. കുണ്ടറയിൽ എസ്.ഐയെ ആക്രമിച്ച പ്രതികളാണ് ഇരുവരും. എന്തിന് വേണ്ടിയാണ് ഇത്തരത്തിൽ ചെയ്തത് എന്ന കാര്യങ്ങളൊക്കെ പരിശോധിച്ചു വരികയാണ്. കുണ്ടറ പോലീസ് സ്റ്റേഷനിൽ ഇരുവരേയും ചോദ്യം ചെയ്തു വരികയാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥരും മധുരയിൽ നിന്ന് റെയിൽവേയുടെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുമടക്കം സ്ഥലത്തെത്തി വിശദമായി ചോദ്യം ചെയ്യും.

കേന്ദ്ര ഏജൻസികളടക്കം സംഭവത്തെക്കുറിച്ച് പോലീസിനോട് വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. സംഭവം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് കേസിൽ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. കൂടുതൽ പേർ സംഭവത്തിന് പിന്നിൽ ഉണ്ടോ എന്ന കാര്യങ്ങളും വിശദമായി അന്വേഷിച്ചു വരികയാണ്.

സൈബർ സെൽ സഹായത്തോടെയാണ് പ്രതികളെ പോലീസ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഇരുവരേയും വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് പരിശോധന നടത്തി. സംഭവ സമയത്ത് പ്രതികള്‍ റെയില്‍ പാളത്തിന് സമീപമുള്ള ടവര്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ശനിയാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെയാണ് ഇത്തരത്തില്‍ പോസ്റ്റ് റെയില്‍പാളത്തില്‍ ആദ്യം കണ്ടെത്തുന്നത്. സമീപത്തുള്ള ഒരാള്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഏഴുകോണ്‍ പോലീസെത്തി ഈ പോസ്റ്റ് മാറ്റിയിട്ടു. പിന്നീട് മണിക്കൂറുകൾക്ക് ശേഷം റെയില്‍വേ പോലീസ് എത്തി പരിശോധന നടത്തിയപ്പോള്‍ വീണ്ടും പോസ്റ്റ് കണ്ടെത്തുകയായിരുന്നു. ഇതാണ് അട്ടിമറിശ്രമത്തിലേക്കുള്ള സംശയം വര്‍ധിപ്പിച്ചത്.


Read Previous

വീഡിയോ ചിത്രീകരിക്കുന്നതിനിടെ നദിയിലേക്ക് ചാടിയ യുവ ഡോക്ടറെ കണ്ടെത്താനായില്ല

Read Next

കേരളത്തിൽ ഒന്നര ലക്ഷം കോടിയുടെ നിക്ഷേപ വാ​ഗ്ദാനം, വമ്പൻ പ്രഖ്യാപനങ്ങളോടെ ഇൻവെസ്റ്റ് കേരള നിക്ഷേപക സം​ഗമം സമാപിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »