കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം; മെഡിക്കൽ സ്റ്റോർ പൂട്ടിച്ചു, ഉടമയെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും


കണ്ണൂർ: എട്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ മെഡിക്കൽ സ്റ്റോർ താത്ക്കാലികമായി പൂട്ടിച്ച് പൊലീസ്. പ്രതിഷേധങ്ങൾ കണക്കിലെടുത്താണ് പൊലീസിന്റെ നടപടി. മെഡിക്കൽ സ്റ്റോർ ഉടമയെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും.

പനിയുമായി ബന്ധപ്പെട്ട് കുറിച്ച കാൽപോൾ സിറപ്പിനു പകരം മെഡിക്കൽ സ്റ്റോറിൽ നിന്നു നൽകിയത് കാൽപോൾ ഡ്രോപ്സ് ആയിരുന്നു. ഇത് ഉപയോഗിച്ച കുഞ്ഞിന്റെ കരൾ ഗുരുതരാവസ്ഥയിലായി. കുട്ടി നിലവിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

കണ്ണൂർ പഴയങ്ങാടി വെങ്ങരയിലെ ഇ പി സമീറിന്റെയും ഹഫ്സത്തിന്റെയും മകനായ മുഹമ്മദാണ് മരുന്നുമാറലിന് ഇരയായത്. കരൾ മാറ്റിവയ്ക്കേണ്ടിവരുന്നതടക്കമുള്ള ചികിത്സയാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നതെന്നാണ് വിവരം.

കഴിഞ്ഞ എട്ടിനാണ് പനിയെ തു‌ടർന്ന് കുഞ്ഞിനെ ഡോക്ടറെ കാണിച്ചത്. അഞ്ച് എം.എൽ കാൽപോൾ സിറപ്പ് രണ്ടുനേരം വച്ച് കൊടുക്കാനായിരുന്നു കുറിപ്പടി. പഴയങ്ങാടി ടൗണിലെ ഖദീജ മെഡിക്കൽസിൽ നിന്നു നൽകിയത് അതേ കമ്പനിയുടെ ഡ്രോപ്സ് ആയിരുന്നു. അഞ്ച് എം.എൽ സിറപ്പിന് പകരം രക്ഷിതാക്കൾ കുട്ടിക്ക് അഞ്ച് എം.എൽ ഡ്രോപ്സ് നൽകിയതോടെ നാലു ദിവസത്തേക്ക് എഴുതിയ മരുന്ന് രണ്ടു നേരം കൊണ്ട് തീർന്നു. ഇതോടെ കുട്ടിയുടെ ആരോഗ്യനില വഷളായി. അടുത്ത ദിവസം ഡോക്ടറെ വീണ്ടും സമീപിച്ചപ്പോഴാണ് സിറപ്പിനു പകരം ഡ്രോപ്സാണ് മെഡിക്കൽ സ്റ്റോറിൽ നിന്നു നൽകിയതെന്ന് വ്യക്തമായത്.


Read Previous

കൊല്ലത്ത്‌ പതിമൂന്നുകാരിയെ കാണാനില്ല; റെയിൽവേ സ്റ്റേഷനടക്കമുള്ളയിടങ്ങളിൽ തെരച്ചിൽ

Read Next

കോളേജ് ഹോസ്റ്റലിൽ വൻ കഞ്ചാവ് വേട്ട; മൂന്ന് വിദ്യാർത്ഥികൾ അറസ്റ്റിൽ കൊല്ലം,ആലപ്പുഴ സ്വദേശികള്‍ ആണ് പിടിയിലാണ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »