വിശ്വാസികള്‍ എതിര്‍ത്തു; ബിജെപിയില്‍ ചേര്‍ന്ന പള്ളിവികാരിയെ ചുമതലയില്‍ നിന്ന് നീക്കി; അന്വേഷണത്തിന് പ്രത്യേക കമ്മീഷന്‍


തൊടുപുഴ: ഇടുക്കിയില്‍ ബിജെപി അംഗത്വം സ്വീകരിച്ച വൈദികനെതിരെ നടപടി. ഇടുക്കി രൂപതയിലെ കൊന്നത്തടി പഞ്ചായത്ത് മങ്കുവ സെന്‍തോമസ് ദേവാലയത്തിലെ പള്ളി വികാരിയായിരുന്ന ഫാ. കുര്യാക്കോസ് മറ്റത്തിനെയാണ് ചുമതലയില്‍ നിന്ന് നീക്കിയത്. ഒരുവിഭാഗം വിശ്വാസികളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് നടപടി.

ഇടവകാംഗങ്ങള്‍ വിവിധ പാര്‍ട്ടികളില്‍ പെട്ടവരാണ്. അവരെ ഒരുമിച്ച് നയിക്കേണ്ട ചുമതലയുള്ള ഇവടക മേധാവി ഒരു പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിക്കുന്നത് ഇടവകാംഗങ്ങള്‍ക്കിടയില്‍ ഭിന്നതയ്ക്ക് വഴിവയ്ക്കും. അതിനാലാണ് പ്രാരംഭ നടപടിയെന്ന നിലയില്‍ വികാരി പദവിയില്‍ നിന്ന് മാറ്റിയത്.

രൂപതയുടെ നിര്‍ദേശം സ്വീകരിച്ച് അദ്ദേഹം അടിമാലിയിലേക്കുള്ള വൈദികരുടെ വിശ്രമകേന്ദ്രത്തിലേക്ക് പോയതായും ഇടുക്കി രൂപത മീഡിയ കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ജിന്‍സ് കാരക്കാട്ടില്‍ അറിയിച്ചു. അന്വേഷണത്തിനായി പ്രത്യേക കമ്മീഷനെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫാദര്‍ കുര്യാക്കോസ് തിങ്കളാഴ്ചയാണ് ബിജെപിയില്‍ അംഗത്വമെടുത്തത്. ഇടവക ചുമതല ഒഴിയാന്‍ മൂന്ന് മാസം കൂടിയേ ഉണ്ടായിരുന്നുള്ളു. 

 ബിജെപി ഇടുക്കി ജില്ലാ പ്രസിഡന്റ് കെഎസ് അജി നേരിട്ടെത്തിയാണ് ഫാ. കുര്യാ ക്കോസ് മറ്റത്തിനെ ഷാള്‍ അണിയിച്ച് ബിജെപി അംഗമായി സ്വീകരിച്ചത്. പള്ളിയോട് ചേര്‍ന്ന വികാരിയുടെ ഔദ്യോഗിക വസതിയുടെ മുകളിലുള്ള ഹാളിലായിരുന്നു പരിപാടി.  ക്രൈസ്തവര്‍ക്ക് ചേരാന്‍ കൊള്ളാത്ത പാര്‍ട്ടിയാണ് ബിജെപി എന്ന് കരുതുന്നില്ലെന്നും ആനുകാലിക സംഭവങ്ങള്‍ സസൂക്ഷ്മം വീക്ഷിച്ചതിനുശേഷമാണ് പാര്‍ട്ടിയില്‍ ചേരാന്‍ തീരുമാനിച്ചതെന്നും ഫാദര്‍ കുര്യാക്കോസ് മറ്റം പറഞ്ഞു. ഇതറിഞ്ഞതോടെ ഒരുകൂട്ടം വിശ്വാസികളും ഇടവക അംഗങ്ങളും രംഗത്തെത്തി. പള്ളി വികാരിയുടെ താമസസ്ഥലത്ത് യോഗം ചേര്‍ന്നത് ഉള്‍പ്പടെ ചോദ്യം ചെയ്തു

ഇടുക്കിയില്‍ ആദ്യമായാണ് ഒരു വൈദികന്‍ ബിജെപിയില്‍ അംഗമാകുന്നതെന്ന് ജില്ലാ പ്രസിഡന്റ് പറഞ്ഞു. മണിപ്പൂര്‍ വിഷയത്തില്‍ ബിജെപിയെ ഒറ്റപ്പെടുത്തി പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചവര്‍ക്കുള്ള മറുപടിയാണ് ഫാദര്‍ കുര്യാക്കോസ് മറ്റത്തി ന്റെ പാര്‍ട്ടി പ്രവേശനമെന്ന് അജി പറഞ്ഞു.മതന്യൂനപക്ഷങ്ങളെ ചേര്‍ത്തു നിര്‍ത്തു വാന്‍ ബിജെപി ശ്രമിക്കുമ്പോള്‍ അവര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുവാന്‍ ശ്രമിക്കുന്ന വര്‍ക്കുള്ള താക്കീതു കൂടിയാണിതെന്ന് അദ്ദേഹം പറഞ്ഞു.


Read Previous

മെട്രോയില്‍ ഹിജാബ് നിയമങ്ങള്‍ പാലിച്ചില്ല, സദാചാര പൊലീസിന്റെ മര്‍ദനത്തെത്തുടര്‍ന്ന് 16കാരി അബോധാവസ്ഥയില്‍

Read Next

വൈദ്യുതി പ്രതിസന്ധി മറികടക്കാൻ പുതിയ നീക്കം: റദ്ദാക്കിയ കെഎസ്ഇബി കരാർ പുനഃസ്ഥാപിക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »