ഇരട്ടയാറിലെ പെണ്‍കുട്ടിയുടെ കഴുത്തില്‍ മുറുക്കിയ ബെല്‍റ്റ് അച്ഛന്റേത്; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കാത്ത് പൊലീസ്


തൊടുപുഴ: ഇടുക്കി കട്ടപ്പന ഇരട്ടയാറില്‍ പോക്‌സോ കേസിലെ ഇരയായ പെണ്‍കുട്ടി വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ കൊലപാതക സാധ്യത പരിശോധിച്ച് പൊലീസ്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ആത്മഹത്യയാണോ, കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ എന്ന് പൊലീസ് സൂചിപ്പിച്ചു. കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നത്.

എഴുന്നേല്‍ക്കാന്‍ വൈകിയതിനെത്തുടര്‍ന്ന് രാവിലെ 8.45 ഓടെ മുറിയില്‍ ചെന്നു നോക്കുമ്പോഴാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ അമ്മ കാണുന്നതെന്ന് പൊലീസ് പറയുന്നു. കുട്ടിയുടെ കഴുത്തിലുണ്ടായിരുന്ന ബെല്‍റ്റ് പെണ്‍കുട്ടിയുടെ അച്ഛന്റേതാ ണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രാത്രിയാണ് മരണം നടന്നതെന്നും പൊലീസ് സൂചിപ്പിച്ചു.

രാത്രി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നു. രാത്രി 9.45 ഓടെ പുറത്തു പോയ പെണ്‍കുട്ടിയുടെ സഹോദരന്‍ പുലര്‍ച്ചെ 2.45 ഓടെയാണ് തിരികെ വീട്ടില്‍ വന്നത്. പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യയാണെന്നാണ് സംശയി ക്കുന്നത്. എന്നാല്‍ കൊലപാതക സാധ്യത കൂടി വിലയിരുത്തിക്കൊണ്ടാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. പെണ്‍ കുട്ടിയെ മുമ്പ് ആണ്‍സുഹൃത്തും കൂട്ടുകാരനും ലൈംഗിക ചൂഷണത്തിന് വിധേയ നാക്കിയിരുന്നു. ആ കേസില്‍ പ്രതികളായ യുവാക്കള്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. അവര്‍ ഇപ്പോള്‍ ജോലിയുമായി ബന്ധപ്പെട്ട് ഈ പ്രദേശത്ത് ഇല്ലെന്നാണ് പ്രാഥമിക അന്വേഷണ ത്തില്‍ മനസ്സിലായിട്ടുള്ളതെന്നും പൊലീസ് സൂചിപ്പിച്ചു.


Read Previous

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി, നിശ്ചയിച്ചതിലും നാലു ദിവസം മുമ്പെ മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

Read Next

പൊന്നാനിയിലെ ക്ലബുകൾക്കായി സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെന്റ് മെയ്‌ 17ന് റിയാദ് ഷുമേശി ഗ്രൗണ്ടിൽ നടക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »