പ്രതികൾ പരീക്ഷയെഴുതി, ഷഹബാസിന്റെ ഇരിപ്പിടം ഒഴിഞ്ഞുകിടന്നു; ‘സഹിക്കുന്നില്ല’,രോഷത്തോടെ റിട്ട.അധ്യാപിക


കോഴിക്കോട്: എളേറ്റില്‍ എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ തിങ്കളാഴ്ച ആരംഭിച്ച എസ്.എസ്.എല്‍.സി. പരീക്ഷയ്‌ക്കെത്തിയത് നെഞ്ചുപിടയുന്ന വേദനയോടെ. ഉറ്റവനായ ഷഹബാസിന്റെ വേര്‍പാടിന് പിന്നാലെയാണ് അവരെല്ലാം പരീക്ഷാമുറികളിലെത്തിയത്. ജീവിച്ചിരിപ്പുണ്ടെങ്കില്‍ താമരശ്ശേരിയിലെ ഷഹബാസും തിങ്കളാഴ്ച ഇതേ സ്‌കൂളില്‍ എസ്.എസ്.എല്‍.സി. പരീക്ഷ എഴുതേണ്ടതായിരുന്നു. പക്ഷേ, ഒരുകൂട്ടം വിദ്യാര്‍ഥികളുടെ ക്രൂരതയില്‍ അവന്റെ ജീവന്‍ പൊലിഞ്ഞു. അതിന്റെ നടുക്കത്തിലാണ് നാടും.

തിങ്കളാഴ്ച സ്‌കൂളില്‍ പരീക്ഷ ആരംഭിച്ചതോടെ പരീക്ഷാഹാളിലെ ഷഹബാസിന്റെ ഇരിപ്പിടം മാത്രം ഒഴിഞ്ഞിരുന്നു. 628307 എന്നതായിരുന്നു ഷഹബാസിന്റെ റോള്‍നമ്പര്‍. പരീക്ഷയ്ക്കായി അധ്യാപകര്‍ നേരത്തെ തന്നെ റോള്‍നമ്പറുകള്‍ ഹാളിലെ ബെഞ്ചിലും ബോര്‍ഡിലും എഴുതിയിരുന്നു. എന്നാല്‍, ഷഹബാസ് മാത്രം പരീക്ഷഹാളിലുണ്ടായില്ല.

ഷഹബാസിന്റെ വേര്‍പാടിന് പിന്നാലെ പുഞ്ചിരി നഷ്ടപ്പെട്ട കുട്ടികളെ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് സ്‌കൂളിലെ അധ്യാപകര്‍. അധ്യാപകര്‍ നേരിട്ട് വീട്ടിലെത്തി കുട്ടികളെ കാണുകയും കൗണ്‍സിലിങ് ഉള്‍പ്പെടെ നല്‍കുന്നുമുണ്ട്. പരീക്ഷകളില്‍ അവര്‍ക്ക് താങ്ങും തണലുമേകാനാണ് അധ്യാപകരുടെ ശ്രമം.

അതിനിടെ, ഷഹബാസ് കൊലക്കേസിലെ പ്രതികള്‍ തിങ്കളാഴ്ച ആരംഭിച്ച എസ്.എസ്.എല്‍.സി. പരീക്ഷ എഴുതി. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വിദ്യാര്‍ഥികള്‍ കഴിയുന്ന വെള്ളിമാടുകുന്ന് ജുവനൈല്‍ ഹോമില്‍ തന്നെയാണ് പരീക്ഷാകേന്ദ്രം ഒരുക്കിയത്. ഇവരെ പരീക്ഷ എഴുതിക്കരുതെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു.വും യൂത്ത് കോണ്‍ഗ്രസും എം.എസ്.എഫും പ്രതിഷേധവുമായി രംഗത്തെത്തി. പോലീസ് തടഞ്ഞതോടെ സ്ഥലത്ത് സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് പ്രവര്‍ത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കി.

പ്രതികളായ വിദ്യാര്‍ഥികളെ പരീക്ഷ എഴുതിക്കുന്നതിനെതിരേ റിട്ട. അധ്യാപികയായ ജയ രാമചന്ദ്രക്കുറുപ്പും പ്രതിഷേധവുമായി ജുവനൈല്‍ ഹോമിന് മുന്നിലെത്തി. ”ഞാന്‍ പ്രതികരിക്കാന്‍ തന്നെ വന്നതാണ്. ടി.വി.യുടെ മുന്നിലിരുന്നിട്ട് എനിക്ക് സഹിക്കുന്നില്ല. എന്തുവാണ് ഈ കാണുന്നത് മുഴുവനും. എന്തൊരു സങ്കടമാണ്. ടീച്ചര്‍മാരെ ശരിയായരീതിയില്‍ പരിശീലിപ്പിക്കുക. രക്ഷിതാക്കളെ ശരിയായരീതിയില്‍ കൗണ്‍സിലിങ് കൊടുക്കുക. എങ്ങനെയാ മക്കളിങ്ങനെ ആകുന്നേ. ഈ കേരളം മുടിഞ്ഞു. ജാതിയും മതവും പാര്‍ട്ടിയും നോക്കാതെ ശിക്ഷാനിയമത്തില്‍ മാറ്റംവരുത്തണം. ശിക്ഷാനിയമത്തില്‍ മാറ്റംവരുത്തിയെങ്കില്‍ കേരളം മുടിയും. എന്റെ മകനാണെങ്കില്‍ സഹിക്കില്ല. ഞാന്‍ ഇവിടത്തെ ടീച്ചറായിരുന്നു. ഗള്‍ഫിലെ ശിക്ഷ ഇവിടെ വരണം. ഇത് ശരിയല്ല ചെയ്തത്. എന്റെ കുഞ്ഞാണെങ്കില്‍ സഹിക്കുമോ. പത്താംക്ലാസില്‍ പഠിക്കുന്ന കുട്ടിയെ നശിപ്പിച്ചിട്ട് എന്ത് മര്യാദയാണ് കാണിച്ചിരിക്കുന്നത്. അവരെ പരീക്ഷ എഴുതിപ്പിക്കരുത്. ബാലനിയമങ്ങള്‍ മാറ്റണം. ടീച്ചര്‍മാര്‍ക്ക് ചൂരല്‍വടി കൊടുക്കണം. അല്ലാതെ ലോകം നന്നാവില്ല. രക്ഷിതാക്കള്‍ കുട്ടികളെ ശിക്ഷിച്ച് വളര്‍ത്തണം”, റിട്ട. അധ്യാപിക പറഞ്ഞു.


Read Previous

ഹിമാനിയുടെ കൊലപാതകം; മൃതദേഹമടങ്ങിയ സ്യൂട്ട്‌കേസുമായി സച്ചിന്‍ പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് 

Read Next

കാസര്‍കോട് മഞ്ചേശ്വരത്ത് കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചുകയറി; മൂന്ന് മരണം 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »