
കൊച്ചി: അമ്മയുടെ സുഹൃത്ത് പീഡനത്തിനിരയാക്കിയ പെൺകുട്ടികൾ വീട്ടിൽ സുരക്ഷിതരല്ലെന്ന് ശിശുക്ഷേമ സമിതി ജില്ലാ അദ്ധ്യക്ഷൻ. അമ്മയ്ക്ക് പീഡനത്തെപ്പറ്റി അറിയാമെന്നതിനാൽ അവർ അവിടെ സുരക്ഷിതമായിരിക്കില്ല. അതിനാൽ കുട്ടികളെ ശിശുക്ഷേമ സമിതിയുടെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, സംഭവത്തിൽ അമ്മയ്‌ക്കെതിരെ തെളിവില്ലെന്നാണ് പൊലീസ് പറയുന്നത്. യുവതിയെ കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു. കുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കേസിൽ അമ്മയുടെ സുഹൃത്തായ അയ്യമ്പുഴ സ്വദേശി ധനേഷിന്റെ അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. പത്തും പന്ത്രണ്ടും വയസുള്ള പെൺകുട്ടികളാണ് ലൈംഗിക പീഡനത്തിനിരയായത്.
അമ്മയുമായുള്ള സൗഹൃദം മുതലെടുത്തായിരുന്നു പീഡനം. പെൺകുട്ടികളുടെ പിതാവ് നേരത്തെ മരിച്ചതാണ്. അദ്ദേഹം രോഗിയായിരുന്ന സമയത്ത് ആശുപത്രിയിൽ കൊണ്ടുപോകാനൊക്കെ ധനേഷിന്റെ ടാക്സിയായിരുന്നു വിളിച്ചിരുന്നത്. ഈ സമയത്തെ അടുപ്പം മുതലെടുത്ത് പെൺകുട്ടികളുടെ അമ്മയുമായി സൗഹൃദത്തിലായി.
പെൺകുട്ടികളുടെ അച്ഛൻ മരിച്ചതിന് പിന്നാലെ ഇയാൾ ഇടയ്‌ക്കിടെ യുവതിയും മക്കളും താമസിച്ചിരുന്ന വാടക വീട്ടിൽ വന്ന് താമസിക്കാറുണ്ടായിരുന്നു. രണ്ടാനച്ഛൻ ആയിട്ടാണ് ഇയാളെ പെൺകുട്ടികൾ കണ്ടിരുന്നത്.
2023 മുതൽ കഴിഞ്ഞമാസം വരെ പ്രതി പലപ്പോഴായി പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു. കൂടാതെ സുഹൃത്തുക്കളെ പരിചയപ്പെടുത്തണമെന്നും ഇയാൾ പെൺകുട്ടികളോട് ആവശ്യപ്പെട്ടിരുന്നു. മൂത്ത പെൺകുട്ടി ‘ഞങ്ങളുടെ അച്ഛന് നിന്നെ കാണണം, വീട്ടിലേക്ക് വരണമെന്ന്’ പറഞ്ഞ് സുഹൃത്തിന് കത്ത് നൽകി. ഇത് ആ പെൺകുട്ടിയുടെ അമ്മ കണ്ടതോടെ സംശയം തോന്നി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് മൂത്ത പെൺകുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് പീഡന വിവരം പുറത്തായത്.