ഹോസ്റ്റലില്‍ എത്തിച്ചത് നാലു കിലോ കഞ്ചാവ് ?; മുഖ്യപ്രതി പിടിയില്‍


കൊച്ചി: കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. കൊല്ലം സ്വദേശി അനുരാജ് ആണ് കളമശ്ശേരിയില്‍ നിന്നും പിടിയിലായത്. കളമശ്ശേരി പോളിടെക്‌നിക്കിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് അനുരാജ്. റെയ്ഡിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. ഇയാളാണ് കഞ്ചാവ് വാങ്ങാന്‍ പണം നല്‍കിയതെന്ന് അറസ്റ്റിലായവര്‍ മൊഴി നല്‍കിയിരുന്നു.

ഹോസ്റ്റലിലേക്ക് നാലു കിലോ കഞ്ചാവാണ് എത്തിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം. രണ്ടുകിലോ കഞ്ചാവാണ് റെയ്ഡില്‍ പിടിച്ചെടുത്തത്. കേസില്‍ അറസ്റ്റിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍, കാണാതായ രണ്ടു കിലോ കഞ്ചാവിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കിലോയ്ക്ക് പതിനായിരം രൂപയ്ക്കാണ് കഞ്ചാവ് വാങ്ങിയിരുന്നതെന്നാണ് പിടിയിലായവര്‍ മൊഴി നല്‍കിയിട്ടുള്ളത്.

ഹോസ്റ്റലിലെ ലഹരി ഇടപാടുകളില്‍ രാഷ്ട്രീയം മറന്നുള്ള ഐക്യമാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കഞ്ചാവ് എത്തിക്കുന്ന വിവരം അറസ്റ്റിലായ എല്ലാവര്‍ക്കും അറിവുണ്ടായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. പൊലീസ് റെയ്ഡിനെത്തിയപ്പോള്‍ കേസിലെ മുഖ്യപ്രതിയായ ആകാശിനെ വിളിച്ച് എല്ലാം സേഫല്ലേ എന്നു ചോദിച്ച വിദ്യാര്‍ത്ഥിയെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിവരികയാണ്.

കളമശ്ശേരി പോളിടെക്‌നിക്കിലെ കഞ്ചാവ് വേട്ടയില്‍ പിടിയിലാകുന്ന ആറാമത്തെയാളാണ് അനുരാജ്. റെയ്ഡ് നടത്തിയദിവസം മൂന്ന് വിദ്യാര്‍ത്ഥികളെയും കഴിഞ്ഞദിവസം രണ്ട് പൂര്‍വ വിദ്യാര്‍ത്ഥികളെയും അറസ്റ്റ് ചെയ്തിരുന്നു. അനുരാജ് ആണ് ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ചതെന്നാണ് മൊഴി. ലഹരി ഇടപാടില്‍ അനുരാജ് നിര്‍ണായക കണ്ണിയാണെന്നും, ഹോസ്റ്റലില്‍ ഇടപാട് ഏകോപിപ്പിച്ചത് അനുരാജ് ആണെന്നും പൊലീസ് സൂചിപ്പിക്കുന്നു.


Read Previous

ഇന്ത്യയിലെ വിവിധ ആക്രമണങ്ങളുടെ സൂത്രധാരൻ, ലഷ്‌കർ ഭീകരൻ പാകിസ്ഥാനിൽ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

Read Next

75കോടിയുടെ എംഡിഎംഎയുമായി 2 വിദേശവനിതകൾ ബംഗളൂരുവില്‍ പിടിയിൽ കർണാടകയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി വേട്ട, 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »