ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടിമരിച്ച സംഭവം; നിർണായക തെളിവായേക്കാവുന്ന ഫോൺ കണ്ടെത്തി


കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണായകമായ മൊബൈൽ ഫോൺ കണ്ടെത്തി. മരിച്ച ഷൈനിയുടെ ഫോണാണ് കണ്ടെത്തിയത്. ഷൈനിയുടെ വീട്ടിൽ നിന്നാണ് പൊലീസ് ഫോൺ കണ്ടെടുത്തത്. ഫോൺ ലോക്ക് ചെയ്ത നിലയിലാണ്.

ഷൈനി മരിക്കുന്നതിന്റെ തലേദിവസം ഫോൺ വിളിച്ചെന്നായിരുന്നു ഭർത്താവ് നോബി ലൂക്കോസിന്റെ മൊഴി. ഈ ഫോൺ വിളിയിലെ ചില സംസാരങ്ങളാണ് കൂട്ട ആത്മഹത്യയ്ക്ക് പ്രകോപനമായതെന്നാണ് നിഗമനം. ഷൈനിയുടെ ഫോണും നോബിയുടെ ഫോണും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ഷൈനി ട്രെയിനിന് മുന്നിൽ ചാടിയ റെയിൽവേ ട്രാക്കിൽ ഫോണിനായി പൊലീസ് പരിശോധന നടത്തിയിരുന്നു. നേരത്തെ വീട്ടിൽ നടത്തിയ പരിശോധനയിലും ഫോൺ കിട്ടിയിരുന്നില്ല. മാതാപിതാക്കളോട് അന്വേഷിച്ചപ്പോൾ ഫോൺ എവിടെയെന്ന് അറിയില്ലെന്നായിരുന്നു മറുപടി.

ഫെബ്രുവരി 28ന് പുലർച്ചെ 4.44നാണ് ഷൈനി മക്കളായ അലീനയെയും ഇവാനയെയും കൂട്ടി വീട്ടിൽ നിന്ന് ഇറങ്ങിയത്. വീടിന് എതിർവശമുള്ള റോഡിലൂടെയാണ് റെയിൽവേ ട്രാക്കിലേക്കെത്തിയത്. ഇളയമകൾ ഇവാനയെ ഷൈനി കൈപിടിച്ച് വലിച്ചുകൊണ്ട് പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ആത്മഹത്യ ചെയ്തതിന്റെ തലേദിവസം നോബി ലൂക്കോസ്, ഷൈനിയെ ഫോണിൽ വിളിച്ചിരുന്നു. മദ്യലഹരിയിൽ വിളിച്ച നോബി ഷൈനിയെ അധിക്ഷേപിച്ച് സംസാരിച്ചു. വിവാഹമോചനക്കേസിൽ സഹകരിക്കില്ലെന്നും കുട്ടികളുടെ പഠനത്തിന് അടക്കമുള്ള ചെലവ് നൽകില്ലെന്നും പറ‍ഞ്ഞു. നോബിയുടെ അച്ഛന്റെ ചികിത്സക്കെടുത്ത വായ്‌പയുടെ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു. ഇക്കാര്യങ്ങളെല്ലാം നോബി പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. ഇതാകാം ഷൈനിയുടെയും മക്കളുടെയും ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.


Read Previous

ഇഫ്താര്‍ സംഗമത്തിലൂടെ കൂട്ടായ്മകള്‍ പകരുന്നത് സ്നേഹസന്ദേശം: ഡോ.കെ ആര്‍ ജയചന്ദ്രന്‍, ‘നോമ്പ് രുചിപെരുമയൊരുക്കി’ കിയ റിയാദ് ഇഫ്താര്‍ സംഗമം

Read Next

സര്‍വ്വ ഐശ്വര്യവും നിറഞ്ഞു നിങ്ങളുടെ വീടൊരു സ്വര്‍ഗ്ഗമാകും, ഈ 5 ചിത്രങ്ങള്‍ വീടിനുള്ളില്‍ സ്ഥാപിച്ചാല്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »