#Five hundred notes were returned | നന്മയുടെ സന്ദേശവുമായി നാട്ടുകാര്‍, ദേശീയപാതയില്‍ പറന്നുനടന്ന അഞ്ഞൂറിന്റെ നോട്ടുകള്‍ തിരികെ നല്‍കി; അഷ്‌റഫിന് മടക്കിക്കിട്ടിയത് 30,500 രൂപ


കൊച്ചി: ദിവസങ്ങള്‍ക്ക് മുന്‍പ് രാവിലെ ആലുവ- എറണാകുളം ദേശീയപാതയില്‍ അഞ്ഞൂറിന്റെ നോട്ടുകള്‍ ‘പറന്നു നടന്ന’ സംഭവത്തിന് പിന്നിലെ ദുരൂഹത അവസാനിച്ചു. സ്‌കൂട്ടര്‍ യാത്രയ്ക്കിടെ കച്ചവടക്കാരന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നാണ് 40,000 രൂപ നഷ്ടമായത്. ചൂര്‍ണിക്കര കമ്പനിപ്പടിയില്‍ റോഡരികില്‍ അഞ്ഞൂറിന്റെ നോട്ടുകള്‍ പ്രത്യക്ഷപ്പെട്ടതായുള്ള വാര്‍ത്തയെ തുടര്‍ന്ന് അന്വേഷിച്ച് എത്തിയ വാഴക്കാല എന്‍ജിഒ ക്വാര്‍ട്ടേഴ്‌സില്‍ ഫ്രൂട്ട്‌സ് കട നടത്തുന്ന പത്തടിപ്പാലം സ്വദേശി അഷ്‌റഫിന് നിരാശപ്പെടേണ്ടി വന്നില്ല. റോഡില്‍ നിന്ന് കിട്ടിയ പണത്തില്‍ 30,500 രൂപയും അഷ്‌റഫിന് തിരികെ നല്‍കി നാട്ടുകാര്‍ മാതൃകയായി. ഒരാള്‍ വലിയ തുക അഷ്‌റഫിന്റെ വീട്ടില്‍ എത്തിച്ച് നന്മ മരിച്ചിട്ടില്ല എന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചു.

കഴിഞ്ഞ 14ന് ആലുവ മാര്‍ക്കറ്റില്‍ പോയി മടങ്ങുമ്പോള്‍ കമ്പനിപ്പടിയില്‍ വച്ചാണ് അഞ്ഞൂറിന്റെ നോട്ടുകള്‍ പറന്നുപോയത്. കടയില്‍ എത്തിയ ശേഷമാണ് വിവരം അറിഞ്ഞത്. നഷ്ടപ്പെടാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലൊക്കെ തിരഞ്ഞെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് പുറത്തുവന്ന വാര്‍ത്ത കണ്ടപ്പോഴാണ് അഷ്‌റഫിന് പണം നഷ്ടമായ സ്ഥലം മനസ്സിലായത്. ഉടന്‍ കമ്പനിപ്പടിയില്‍ എത്തി. ഒരാള്‍ 6500 രൂപ നല്‍കി. പിറ്റേന്ന് രണ്ടുപേര്‍ 4500 രൂപ വീതവും നല്‍കി. വേറൊരാള്‍ 15000 രൂപ വീട്ടിലെത്തിച്ചു.

സംഭവദിവസം പറന്നുനടക്കുന്നത് കള്ളനോട്ടാകാമെന്ന നിഗമനത്തില്‍ ആദ്യം പലരും നോട്ടുകള്‍ എടുക്കാന്‍ മടിച്ചു നിന്നു. ഇതിനിടെ നോട്ട് എടുത്ത ഒരാള്‍ ലോട്ടറിക്കടയില്‍ കൊടുത്തു മാറി ടിക്കറ്റ് എടുത്തതോടെ ഒറിജിനല്‍ ആണെന്ന് വ്യക്തമായി. ഇതോടെ ആളുകളുടെ എണ്ണം കൂടി. ഒടുവില്‍ വാരിക്കൂട്ടാനുള്ള ധൃതിയായി എല്ലാവര്‍ക്കും. സ്ഥലത്തെത്തിയ കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് നസീര്‍ ചൂര്‍ണിക്കര പൊലീസില്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ലഭിച്ച പണത്തിന്റെ ഭൂരിഭാഗവും തിരികെ നല്‍കിയാണ് നാട്ടുകാര്‍ മാതൃകയായത്.


Read Previous

#kerala highcourt | രാജി വയ്ക്കാതെ സ്ഥാനാര്‍ഥിയാവുന്നതു തടയണം’; പിഴ ഈടാക്കുമെന്ന് ഹൈക്കോടതി, ഹര്‍ജി പിന്‍വലിച്ചു

Read Next

#SIM cards | വ്യാജ രേഖകള്‍ നല്‍കി വാങ്ങിയത് 21 ലക്ഷം സിം കാര്‍ഡുകള്‍, രാജ്യവ്യാപക പരിശോധന; നടപടി ശക്തമാക്കാന്‍ ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദേശം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »