കൊടകര കുഴല്‍പ്പണത്തിന്റെ പങ്ക് പാലക്കാട്ട് എത്തി, പരാതിയുമായി മുന്നോട്ട്; എന്‍ എന്‍ കൃഷ്ണദാസിനെ തള്ളി സിപിഎം ജില്ലാ നേതൃത്വം


പാലക്കാട്: പാലക്കാട്ടെ ട്രോളി വിവാദത്തില്‍ മുന്‍ എംപി എന്‍ എന്‍ കൃഷ്ണദാസിന്റെ പ്രസ്താവനയെ തള്ളി സിപിഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. പെട്ടിയില്‍ കള്ളപ്പണമാണെന്ന് സുരേഷ് ബാബു ആവര്‍ത്തിച്ചു. ട്രോളിയില്‍ പരാതിയുമായി മുന്നോട്ടു പോകും. സിപിഎം കൊടുത്ത പരാതിയും അന്വേഷണത്തിന്റെ ഭാഗമാകും. നിയമപരമായ അന്വേഷണം നടത്തിക്കഴിയുമ്പോഴാണ് കള്ളപ്പണ വിവാദത്തിന്റെ കൃത്യമായ വസ്തുത പുറത്തു വരികയെന്നും സുരേഷ് ബാബു പറഞ്ഞു.

കള്ളപ്പണം വന്നു എന്നത് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ മാധ്യമങ്ങള്‍ പുറത്തു വിട്ടതാണ്. തെളിവു സഹിതം വരുന്ന ചില വസ്തുതകള്‍ പൂര്‍ണമായും, കള്ളപ്പണം കൊണ്ടുവന്നു എന്നു തെളിയിക്കപ്പെടുന്ന നിലയിലേക്കാണ് എത്തുന്നത്. ഇന്നലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞതില്‍ ഒട്ടേറെ വസ്തുതാ വിരുദ്ധമായ കാര്യങ്ങളുണ്ട്. ആദ്യം കയറിയത് ഷാഫിയുടെ കാറിലാണെന്നാണ് രാഹുല്‍ പറഞ്ഞത്. ഷാഫിയുമായി സംസാരിക്കാനായിട്ടാണ് ആ കാറില്‍ കയറിയതെന്നും പറഞ്ഞതായിട്ടാണ് ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

എന്നാല്‍ ഷാഫി ആ കാറിലുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷാഫിയു മായിട്ടാണോ, അദ്ദേഹത്തിന്റെ സ്റ്റാഫുമായിട്ടാണോ സംസാരിച്ചതെന്ന് രാഹുല്‍ വ്യക്തമാക്കണം. പ്രധാനപ്പെട്ട വിരോധാഭാസം എന്തെന്നാല്‍ കെപിഎം ഹോട്ടലില്‍ നിന്നും 10 മീറ്റര്‍ പോലും ദൂരമില്ല പ്രസ് ക്ലബ്ബിന്റെ അടുത്തേക്ക്. പ്രസ് ക്ലബിന്റെ മതിലിനോട് ചേര്‍ന്നാണ് ഹോട്ടലിന്റെ മതില്‍. പ്രസ് ക്ലബിന്റെ മുന്നില്‍ വരെ ഒരു കാറില്‍. അതു കഴിഞ്ഞ് രാഹുല്‍ സ്വന്തം കാറില്‍ 700 മീറ്റര്‍ അകലെ കെ ആര്‍ ടവറിന് മുന്നിലെത്തി. സാധാരണ ഗതിയില്‍ അധോലോക സിനിമകളിലാണ് കാറുകളില്‍ മാറിമാറിക്കയറുന്നത് നമ്മളെല്ലാം കാണുന്നതെന്ന് സുരേഷ് ബാബു പറഞ്ഞു.

അധോലോക സംഘങ്ങളുടെ രീതി സാധാരണ നമ്മുടെയൊന്നും അനുഭവത്തില്‍ കണ്ടിട്ടില്ല. ഇതെല്ലാം എന്തോ ബോധപൂര്‍വം മറച്ചു പിടിക്കാനുള്ള സംഗതിയാണ്. ഒരു ഘട്ടത്തിലും ഒരു കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തില്‍ കോഴിക്കോട് ആണെന്ന് പറഞ്ഞിട്ടില്ല. ഇത്രയെല്ലാം പ്രശ്‌നങ്ങള്‍ നടക്കുമ്പോള്‍, കോഴിക്കോട്ടേക്കുള്ള സഞ്ചാരമധ്യേ കാറിലിരുന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ സമൂഹമാധ്യമത്തിലൂടെ ലൈവിന് വരാതിരുന്നതെന്തുകൊണ്ടാണ്?. കാറില്‍ ഇന്ന ആളുകളുണ്ട്, ബാഗേജില്‍ ഇന്നതൊക്കെ യാണ് എന്നെല്ലാം പറയാമായിരുന്നു. എന്തിനാണ് ഒളിക്കുന്നത്. സത്യസന്ധമായി പറയാമായിരുന്നില്ലേയെന്ന് ഇ എന്‍ സുരേഷ് ബാബു ചോദിച്ചു.

യുഡിഎഫ് സ്ഥാനാര്‍ത്ഥി വിശദീകരിക്കുന്നതൊന്നും വിശ്വസനീയമല്ല. കൊടകര കുഴല്‍പ്പണത്തിന്റെ പങ്ക് പാലക്കാട് എത്തിയെന്നാണ് പാര്‍ട്ടി സംശയിക്കുന്നത്. അതുകൊണ്ടുതന്നെ ഇക്കാര്യം സമഗ്രമായി അന്വേഷിക്കണം. കൊടകരയിലെ നാലുകോടി ഷാഫിക്ക് കൊടുത്തെന്നാണ് കെ സുരേന്ദ്രന്‍ പറഞ്ഞത്. കള്ളപ്പണവും കുഴല്‍പ്പണവും ഉപയോഗിച്ച് പാലക്കാട് ഉപതെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്ന് ഇ എന്‍ സുരേഷ് ബാബു ആരോപിച്ചു. ഒരു തെളിവുമില്ലാത്ത കൈതോലപ്പായയും ബിരിയാണി ചെമ്പും ഖുറാനിലെ സ്വര്‍ണവും ഈന്തപ്പഴവുമെല്ലാം അനാവശ്യമായി ചര്‍ച്ച ചെയ്തില്ലേ. യുഡിഎഫിനെതിരായ വരുന്ന ഏതെങ്കിലും കാര്യം ചര്‍ച്ച ചെയ്യാന്‍ പാടില്ല എന്ന അഭിപ്രായമില്ല. രാഷ്ട്രീയകാര്യങ്ങളും ജനകീയ കാര്യങ്ങളുമെല്ലാം ചര്‍ച്ച ചെയ്യാമെന്നും, എന്‍എന്‍ കൃഷ്ണദാസിന്റെ പ്രസ്താവനയെ തള്ളിക്കൊണ്ട് ഇ എന്‍ സുരേഷ് ബാബു പറഞ്ഞു.


Read Previous

തെളിവുണ്ട്’; മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ‘രക്ഷാപ്രവര്‍ത്തന’ത്തില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവ്

Read Next

മഞ്ഞപ്പെട്ടി, നീലപ്പെട്ടി എന്നൊക്കെ പറഞ്ഞ് ആളുകളുടെ കണ്ണില്‍ പൊടി ഇടരുത്’; ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണം,ട്രോളി വിവാദം തള്ളി എന്‍ എന്‍ കൃഷ്ണദാസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »