അങ്കമാലി: ഒമ്പതര കിലോ കഞ്ചാവുമായി ഒഡീഷ കണ്ഡമാൽ സ്വദേശികളായ റിങ്കു ദിഗൽ (25), ശാലിനി ഭാലിയാർ സിംഗ് (22) എന്നിവരെ അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

ശനിയാഴ്ച രാത്രി 12 മണിയോടെ അങ്കമാലിയിലെ ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്. സ്ഥിരമായി കഞ്ചാവ് വില്പന നടത്തുന്നവരാണ് ഇരുവരും. ഒഡീഷയിൽ നിന്ന് കിലോയ്ക്ക് 3,000 5,000 രൂപയ്ക്ക് വാങ്ങി ഇവിടെ 20,000 രൂപ വരെ നിരക്കിൽ ഹോൾസെയിലായി കച്ചവടം നടത്തി തിരിച്ചു പോവുകയായിരുന്നു പതിവ്. അന്യസംസ്ഥാനക്കാരുമായാണ് ഇവരുടെ ഇടപാടുകൾ.
നാളുകളായി അങ്കമാലി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു ലോഡ്ജും പരിസരവും. ഇൻസ്‌പെക്ടർ എ. രമേഷ്, എസ്.ഐമാരായ കെ. പ്രദീപ് കുമാർ, എം.എസ്. ബിജീഷ്, അജിത്, എ.എസ്.ഐ നവീൻ ദാസ്, സീനിയർ സി.പി.ഒമാരായ അജിത തിലകൻ, എം.ആർ. മിഥുൻ, അജിത്കുമാർ, കെ.ആർ. മഹേഷ്, സി.പി.ഒമാരായ ഹരികൃഷ്ണൻ, അനസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.