മാനന്തവാടി : കടുവയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കര്‍ഷകന്‍ തോമസിന് വിദഗ്ധ ചികിത്സ നല്‍കുന്നതില്‍ വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് വീഴ്ച വരുത്തിയെന്ന ആരോപണവുമായി കുടുംബം. തോമസിന് മതിയായ ചികിത്സ നല്‍കിയില്ലെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ മകള്‍ സോന, വീട്ടിലെത്തിയ മന്ത്രി കെ കൃഷ്ണന്‍കുട്ടിക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു.

മെഡിക്കല്‍ കോളജില്‍ നല്ല ഡോക്ടറോ നഴ്‌സോ ഒന്നും ഉണ്ടായിരുന്നില്ല. ആംബുലന്‍സ് സൗകര്യം പോലും അനുവദിച്ചില്ല. മെഡിക്കല്‍ കോളജ് എന്ന പേരു വെച്ചിട്ടുണ്ടല്ലോ. എന്തിനാ അത്. എന്റെ ചാച്ചനോ പോയി. വേറെ ആര്‍ക്കും ഇതേപോലെ ഒരു ഗതി വരുത്തരുത് പ്ലീസ്… സോന മന്ത്രിക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു.
അതേസമയം കടുവയുടെ കടിയേറ്റ് തോമസിന്റെ തുടയില്‍ ഗുരുതരമായ പരിക്കേ റ്റിരുന്നു. നിരവധി രക്തക്കുഴലുകള്‍ പൊട്ടിയിരുന്നു. അതിന് വേണ്ട ശസ്ത്രക്രിയ ചെയ്യാന്‍ വാസ്‌കുലാര്‍ സര്‍ജന്‍ വേണം. എന്നാല്‍ അത് വയനാട് മെഡിക്കല്‍ കോളജില്‍ ഇല്ലെന്നും, കോഴിക്കോട് മെഡിക്കല്‍ കോളജിലേ സൂപ്പര്‍ സ്‌പെഷാലിറ്റി സംവിധാനം ഉള്ളൂ എന്നതിനാലാണ് അങ്ങോട്ടേക്ക് റഫര്‍ ചെയ്തതെന്നുമാണ് വയനാട് മെഡിക്കല്‍ കോളജ് സൂപ്രണ്ട് പറയുന്നത്.
തോമസിനെ മെഡിക്കല്‍ കോളജില്‍ എത്തിയതു മുതല്‍ റഫര്‍ ചെയ്യുന്നതു വരെ അഞ്ചു ഡോക്ടര്‍മാരുടെ സംഘം നോക്കിയിരുന്നതായും വയനാട് മെഡിക്കല്‍ കോളജ് സൂപ്രണ്ട് പറഞ്ഞു. രോഗിയുടെ ആരോഗ്യസ്ഥിതിയില്‍ പ്രശ്‌നമില്ല എന്ന വിലയിരു ത്തലിനെത്തുടര്‍ന്നാണ് മെഡിക്കല്‍ ഐസിയു ആംബുലന്‍സിന് പകരം സാധാരണ ആംബുലന്‍സില്‍ വിട്ടതെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നു.
കടുവയുടെ ആക്രമണത്തെത്തുടര്‍ന്ന് പരിക്കേറ്റ വെള്ളാരംകുന്ന് സ്വദേശി തോമസ് ( സാലു-50) ഈ മാസം 12 നാണ് മരിക്കുന്നത്. കടുവയുടെ ആക്രമണത്തില്‍ തോമസി ന്റെ കയ്യിലും കാലിലും ഗുരുതരമായി പരിക്കേറ്റിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്.