സ്വപ്‌നങ്ങള്‍ ബാക്കിയാക്കി അവരെത്തി; കുവൈത്തില്‍ നിന്നും മൃതദേഹങ്ങളുമായി വിമാനം കൊച്ചിയിലെത്തി; വിതുമ്പലോടെ കേരളം


കൊച്ചി: കുവൈത്ത് തീപിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള പ്രത്യേക വ്യോമസേനാ വിമാനം നെടുമ്പാശ്ശേരിയിലെത്തി. രാവിലെ 10.36 ഓടെയാണ് വിമാനം കൊച്ചിയില്‍ ലാന്‍ഡ് ചെയ്തത്. 23 മലയാളികള്‍ അടക്കം 45 പേരുടെ മൃതദേഹങ്ങളാണ് വിമാനത്തിലുള്ളത്. ഇതില്‍ മലയാളികളുടേയും തമിഴ്‌നാട്, കര്‍ണാടക സ്വദേശികളുടേയും മൃതദേഹം കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.

ഉത്തര്‍പ്രദേശില്‍ നിന്നും നാലുപേര്‍, ആന്ധ്ര സ്വദേശികളായ മൂന്നുപേര്‍, ബിഹാര്‍, ഒഡീഷ, മഹാരാഷ്ട്ര, പഞ്ചാബ്, ഝാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നും തീപിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. അവിടെ നിന്നാണ് ഇവരുടെ ബന്ധുക്കള്‍ക്ക് മൃതദേഹങ്ങള്‍ കൈമാറുക. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങും മൃതദേഹങ്ങളെ അനുഗമിച്ച് വിമാനത്തിലുണ്ട്.

രാജ്യത്തിന് തന്നെ സംഭവിച്ച വലിയ ദുരന്തമാണ് കുവൈത്തിലുണ്ടായത്. രാജ്യത്തിന് നേരിട്ട വലിയ ദുരന്തമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിന്റെ ജീവനാഡികളായാണ് പ്രവാസികളെ നാം കാണുന്നത്. വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുടുംബങ്ങള്‍ക്ക് ഒരിക്കലും തീരാത്ത നഷ്ടമാണ് സംഭവിച്ചത്. അപകടത്തില്‍ കുവൈത്ത് സര്‍ക്കാരിന്റെ കുറ്റമറ്റ നടപടികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദുരന്തം ഉണ്ടായപ്പോള്‍ കേന്ദ്രസര്‍ക്കാരും ശരിയായ തരത്തില്‍ ഇടപെട്ടു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കുവൈത്തില്‍ പോയി ഏകോപനം നിര്‍വഹിച്ചു. കുടുംബാംഗങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ കുവൈത്ത് സര്‍ക്കാര്‍ നേതൃത്വം കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യാ സര്‍ക്കാരും കുവൈത്തുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ വേഗത കൂട്ടാന്‍ ശ്രമിക്കണം. ദുരന്തത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ തമിഴ്‌നാട് ന്യൂനപക്ഷക്ഷേമ മന്ത്രി കെ എസ് മസ്താന്‍ കൊച്ചിയില്‍ എത്തിയിരുന്നു.


Read Previous

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; യുവതിയെ കസ്റ്റഡിയിലെടുത്തു; മാതാപിതാക്കളോടൊപ്പം പോകാൻ താത്പര്യമില്ല

Read Next

തല്‍ക്കാലം വിവാദത്തിനില്ല; കേന്ദ്രസര്‍ക്കാര്‍ ശരിയായി ഇടപെട്ടു: മുഖ്യമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »