തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഇനി മൂന്ന് ദിവസം കൂടി. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ നാലാണ്. പത്രിക സമര്‍പ്പണം അവസാന ഘട്ടത്തിലേക്ക് അടുക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പല പ്രമുഖ സ്ഥാനാര്‍ത്ഥികളും ഇന്ന് പത്രിക സമര്‍പ്പിക്കും.

തിരുവനന്തപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 11 നാണ് പത്രികാ സമര്‍പ്പണം. ഇതിന് മുമ്പായി നിയമസഭയിലെ ഇഎംഎസ് പ്രതിമ, പട്ടത്തെ എം.എന്‍ പ്രതിമ, പാളയം രക്തസാക്ഷി മണ്ഡപം, സ്വദേശാഭിമാനി പ്രതിമ എന്നിവിടങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് കുടപ്പനക്കുന്നില്‍ നിന്നും പ്രകടനമായിട്ടാകും കളക്ടറേറ്റിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക. ചാലക്കുടിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.എ ഉണ്ണികൃഷ്ണനും ഇന്ന് പത്രിക സമര്‍പ്പിക്കും. എറണാകുളം കളക്ടറേറ്റിലെത്തി വരണാധികാരിയായ എറണാ കുളം എഡിഎമ്മിന് മുമ്പാകെയാണ് പത്രിക നല്‍കുക.
വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംപിയുമായ രാഹുല്‍ ഗാന്ധി നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. നാളെ വയനാട്ടിലെത്തുന്ന രാഹുല്‍ ഗാന്ധി, പ്രവര്‍ത്തകര്‍ക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുത്താകും കളക്ടറേറ്റി ലെത്തി പത്രിക സമര്‍പ്പിക്കുന്നത്.
രാവിലെ പത്ത് മണിയോടെ ഹെലികോപ്റ്റര്‍ ഇറങ്ങുന്ന രാഹുല്‍ 12 ഓടെ പത്രിക സമര്‍പ്പിച്ച് നാളെ തന്നെ മടങ്ങും. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് ശേഷം ആദ്യ മായാണ് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്നത്. വയനാട്ടില്‍ ആനി രാജ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും കെ. സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥിയുമാണ്.