
തൃശൂര്‍: തൃശൂരില്‍ അപ്രതീക്ഷിതമായുണ്ടായ പരാജയത്തിന് കാരണം ഉറപ്പായും കിട്ടുമെന്ന് കരുതിയ ന്യൂനപക്ഷ വോട്ടുകളിലെ വിള്ളലാണെന്ന് തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്‍. തിരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.
ഇതാണ് ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞത്. മുന്നോക്ക സമുദായത്തിന്റെ ഏതാണ്ട് മുഴുവന്‍ വോട്ടുകളും ക്രൈസ്തവ വോട്ടുകളും ബിജെപിക്ക് സമാഹരിക്കാന്‍ കഴിഞ്ഞു. ചില നിയോജക മണ്ഡലങ്ങളില്‍ മുസ്ലീം വോട്ടുകള്‍ എല്‍ഡിഎഫിനൊപ്പം നിന്നു.
എന്നാല്‍ മുസ്ലീം വോട്ടുകളുടെ ഏകീകരണം യുഡിഎഫിന് കിട്ടിയില്ല. കേരളത്തിലെ ഭരണവിരുദ്ധ വികാരം യുഡിഎഫിനൊപ്പം ബിജെപിയും പങ്കിട്ടു. കേന്ദ്ര വിരുദ്ധ മനോഭാവം 18 മണ്ഡലങ്ങളിലും പ്രകടിപ്പിക്കാന്‍ യുഡിഎഫിന് കഴിഞ്ഞുവെന്നും അദേഹം പറഞ്ഞു.
തൃശൂരില്‍ മാത്രമല്ല കേരളത്തില്‍ പലയിടത്തും ബിജെപിയുടെ സാന്നിധ്യം ശക്തമായി. ആറ്റിങ്ങലില്‍ വലിയ വ്യത്യാസമില്ലാതെ ബിജെപി എല്‍ഡിഎഫിന് അടുത്തെത്തി. ആലപ്പുഴയില്‍ ശോഭാ സുരേന്ദ്രന് കഴിഞ്ഞ തവണത്തേക്കാള്‍ വലിയ മുന്നേറ്റമുണ്ടാക്കാനായി.
ഒ.രാജഗോപാലിന് ശേഷം രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരത്ത് മികച്ച പ്രകടനം കാഴ്ചവച്ചു. പതിവില്ലാതെ രണ്ട് മുന്നണികള്‍ക്കൊപ്പം ബിജെപിയുടെ സാന്നിധ്യം ഉണ്ടായെന്നും ഇത് വളരെ ജാഗ്രതയോടെ കാണേണ്ട കാര്യമാണെന്നും മുരളീധരന്‍ വ്യക്തമാക്കി.