
കണ്ണൂർ : പാർട്ടി പദവിയിൽ പ്രായപരിധി ഇളവ് നൽകുന്നത് ഒരാൾക്ക് വേണ്ടി മാത്രമെന്നത് ദുർവ്യാഖ്യാ നമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. പ്രായപരിധി, ടേം വ്യവസ്ഥയിൽ പാർട്ടി തീരുമാനമെടുക്കുന്നത് സാഹചര്യം അനുസരിച്ചാണ്. കൂടുതൽ യുവതീ -യുവാക്കൾ പാർട്ടിയുടെ നേതൃ രംഗത്തേക്ക് വരുന്നുണ്ട്. അവർക്ക് കൂടി പരിഗണന നൽകുകയെന്നതാണ് സിപിഎം നയമെന്നും ജയ രാജൻ പറഞ്ഞു. കണ്ണൂർ അരോളിയിലെ വീട്ടിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിയമ സഭയിൽ മുഖ്യമന്ത്രിയെ മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്ന് രമേശ് ചെന്നിത്തല വിളിച്ചത് അഹംഭാവ മാണ്. അതിനൊന്നും മരുന്നില്ല. വി ഡി സതീശൻ പ്രതിപക്ഷ നേതാവാകാൻ കൊള്ളില്ലെന്ന് തോന്നി പ്പിക്കാൻ വേണ്ടിയാണ് ഇത്തരം വാക്കുകൾ ഉപയോഗിക്കുന്നത്. ഞാനാണ് പ്രമാണിയെന്ന് കോൺഗ്രസുകാരെ ധരിപ്പിക്കാനാണ് ഈ പരാമർശം നടത്തിയത്. മുഖ്യമന്ത്രിയെപ്പോലെ ആദരണീയനായ, പ്രായമുള്ള, ഉന്നതനായ നേതാവിനെ വിളിക്കുന്നത് അവരുടെ ഔചിത്യമാണ്. ഈ പ്രയോഗം സോണിയ ഗാന്ധിയുടെ അടുത്തും രാഹുൽ ഗാന്ധിയുടെ അടുത്തും പറയുമോയെന്നും ജയരാജൻ ചോദിച്ചു.
ആശാവർക്കർമാർ നടത്തുന്ന സമരങ്ങളോട് നല്ല വാക്കുകൾ കൊണ്ട് പ്രതികരിക്കുന്നതാണ് നല്ലത്. നേരത്തെ മുൻ മന്ത്രിയും സിപിഎം നേതാവുമായ എളമരം കരീം ആശവർക്കർമാരുടെ സമരത്തെ അധിക്ഷേപിച്ച് സംസാരിച്ചിരുന്നു. അതിനെ പരാമർശിച്ചായിരുന്നു ഇപിയുടെ പ്രതികരണം. ആശ വർക്കർമാരുടെ താൽപര്യം സംരക്ഷിക്കാനുള്ള സമരമല്ല ഇപ്പോൾ നടക്കുന്നത്. വലതു പക്ഷ തീവ്രവാദ ശക്തികളാണ് സമരത്തിന് പിന്നിൽ. കലാപാഹ്വാനമാണ് നടത്തുന്നതെന്നും ഇത് നാടിനു ഗുണം ചെയ്യില്ലെന്നും ജയരാജൻ പറഞ്ഞു.
മദ്യവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയിലും ഇപി ജയരാജൻ പ്രതികരിച്ചു. ഇളനീരിനേക്കാൾ നല്ലതാണ് കള്ള്. കള്ളിന് ഒരുപാട് ഔഷധ ഗുണങ്ങളുണ്ട്. പണ്ട് കുട്ടികൾക്ക് പോലും കള്ള് കൊടുക്കാറുണ്ട്. തെങ്ങിനെക്കുറിച്ച് മനസ്സിലാക്കാത്തതുകൊണ്ടാണിത്. കള്ളിനെ ലഹരിയാക്കരുത്. ഇപ്പോൾ അത് ലഹരിയാക്കുന്നതാണ് പ്രശ്നം. കള്ളിനെ കുറിച്ചല്ല പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞത്, മദ്യത്തെ കുറിച്ചാണെന്നും ഇ പി ജയരാജൻ പറഞ്ഞു.