മുംബയ്: പരിക്കുമൂലം ഐപിഎല്ലിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്ന പേസർ ജസ്പ്രീത് ബുംറ മുംബയ് ഇന്ത്യൻസ് ടീമിലേക്ക് തിരിച്ചെത്തി. ഇന്ന് റോയൽ ചലഞ്ചേഴ്സ് ബെംഗളുരുവിന് എതിരെയുള്ള മത്സരത്തിൽ ബുംറ കളിക്കാനിറങ്ങുമെന്ന് മുംബയ് ഇന്ത്യൻസ് ടീം അറിയിച്ചു.

ഏപ്രിൽ അഞ്ചിന് ടീമിനൊപ്പം ചേർന്ന ബുംറ കഴിഞ്ഞദിവസം പരിശീലനത്തിനിറങ്ങിയിരുന്നു. പരിക്ക്‌മാറി തന്റെ തീപ്പൊരി ഫോമിൽ താരമുള്ള സൂചന എക്‌സിൽ മുംബയ് ഇന്ത്യൻസ് ടീം പങ്കുവച്ച വീഡിയോയിലുണ്ട്. താരത്തിന്റെ യോർക്കർ ബോൾ നേരിടാനാകാതെ പരിശീലനം നടത്തുന്നയാൾ വീഴുന്നതും ക്ളീൻബൗൾഡാകുന്നതുമായ വീഡിയോയാണ് പുറത്തുവന്നത്.
ഈ വർഷമാദ്യം ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ പരക്കേറ്റിരുന്ന ബുംറ ഇംഗ്ളണ്ടിനെതിരായ പരമ്പരയിലും ചാമ്പ്യൻസ് ട്രോഫിയിലും കളിച്ചിരുന്നില്ല. സീസണിൽ ഇതുവരെ കളിച്ച നാലുമത്സരങ്ങളിൽ മൂന്നിലും തോറ്റ മുംബയ്ക്ക് ബുംറയുടെ തിരിച്ചുവരവ് ആത്മവിശ്വാസം പകരും.കൊൽക്കത്തയ്ക്ക് എതിരെ മാത്രമാണ് മുംബയ്ക്ക് ജയിക്കാനായത്. ചെന്നൈ, ഗുജറാത്ത്,ലക്നൗ എന്നിവരോടായിരുന്നു തോൽവികൾ.