വന്ദേഭാരത്: സാങ്കേതിക തകരാര്‍, വഴിയില്‍ കിടന്നത് മൂന്നര മണിക്കൂര്‍, ഒടുവില്‍ മറ്റൊരു എഞ്ചിനില്‍ തിരുവനന്തപുരത്തേക്ക്


ഷൊര്‍ണൂര്‍: സാങ്കേതിക തകരാറിനെ തുടര്‍ന്ന് വഴിയില്‍ പിടിച്ചിട്ട വന്ദേഭാരത് ഒടുവില്‍ യാത്ര പുനരാരംഭിച്ചു. എഞ്ചിനിലെ ബാറ്ററി തകരാറിനെ തുടര്‍ന്ന് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം മൂന്നര മണിക്കൂര്‍ വഴിയിലായതിന് ശേഷമാണ് ട്രെയിന്‍ യാത്ര തുടരുന്നത്. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിനിന് അങ്കമാ ലിയില്‍ ഇന്നത്തേക്ക് പ്രത്യേക സ്റ്റോപ്പും അനുവദിച്ചു. നെടുമ്പാശേരി വിമാനത്താ വളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായിട്ടാണ് സ്റ്റോപ്പ് അനുവദിച്ചത്. മറ്റൊരു ഇലക്ട്രിക് എന്‍ജിന്‍ ഘടിപ്പിച്ചാണ് ട്രെയിന്‍ തിരുവനന്ത പുരത്തേയ്ക്ക് യാത്ര പുനരാരംഭിച്ചത്.

ഉച്ചയ്ക്ക് ശേഷം കാസര്‍കോട് നിന്ന് പുറപ്പെട്ട ട്രെയിന്‍ കൃത്യസമയം പാലിച്ചാണ് വൈകുന്നേരം അഞ്ചര മണിക്ക് ഷൊര്‍ണൂര്‍ ജംഗ്ഷനില്‍ എത്തിയത്. ഇവിടെ നിന്ന് അടുത്ത സ്റ്റോപ്പായ തൃശൂരിലേക്ക് യാത്ര തുടങ്ങിയതിന് പിന്നാലെയാണ് ട്രെയിനില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബി ക്യാബിന് സമീപം പിടിച്ചിട്ടത്. 6.10ന് തൃശൂര്‍ എത്തേണ്ട ട്രെയിന്‍ തൃശൂരിലേക്ക് അടുക്കുന്നതേയുള്ളൂ. രാത്രി 10.40ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലെത്തേണ്ട ട്രെയിന്‍ ഇപ്പോഴത്തെ നിലയില്‍ ഓട്ടം തുടര്‍ന്നാല്‍ പുലര്‍ച്ചെ 1.54ന് മാത്രമേ ലക്ഷ്യസ്ഥാനത്ത് എത്തുകയുള്ളൂ.

ഇരുവശങ്ങളും ചതുപ്പ് നിലവും മറ്റു ട്രാക്കുകളും ഉണ്ടായിരുന്നതിനാല്‍ യാത്രക്കാര്‍ക്ക് പുറത്തിറങ്ങാന്‍ സാധിച്ചിരുന്നില്ല. എസി കൃത്യമായി പ്രവര്‍ത്തിക്കാതിരുന്നതും യാത്രക്കാര്‍ക്ക് ദുരിതമായി. വന്ദേഭാരത് ട്രെയിനിന് ഓട്ടോമാറ്റഡ് ഡോര്‍ സംവിധാന മാണ്. അതുകൊണ്ട് തന്നെ ഡോര്‍ തുറക്കാനോ അകത്തേക്കോ പുറത്തേക്കോ പ്രവേശിക്കാനോ കഴിഞ്ഞിരുന്നുമില്ല. വന്ദേഭാരതിന്റെ പവര്‍ സര്‍ക്യൂട്ടിലാണ് തകരാര്‍ ഉണ്ടായത്. സംഭവത്തെപ്പറ്റി വിശദമായി അന്വേഷിക്കുമെന്ന് റെയില്‍വേ അറിയിച്ചു.


Read Previous

ഉണർവ്വ് കുടുംബ കൂട്ടായ്മ സംഗമം

Read Next

വയനാടിന് പ്രത്യേക പാക്കേജ് വേണം; പ്രിയങ്കയുടെ നേതൃത്വത്തിൽ എംപിമാർ അമിത് ഷായെ കണ്ടു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »